കോട്ടയം: യുഡിഎഫിലേക്കു പോകുന്ന മാണി സി. കാപ്പനൊപ്പം എന്‍സിപി സംസ്ഥാന പ്രസിഡന്റും. എ.കെ. ശശീന്ദ്രന് എന്‍സിപി വിഭാഗം ഇടതിനൊപ്പം നിലനിന്നാലും മാണി സി. കാപ്പന് യുഡിഎഫിലേക്കു പോകും.ഡല്‍ഹിയിലുള്ള മാണി സി. കാപ്പന് ശരത് പവാറുമായി ഇന്നു ചര്‍ച്ച നടത്തും.
നിലവിലെ സ്ഥിതി അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിലെ യോഗത്തില്‍ കാപ്പനും പങ്കെടുക്കും. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവരും കാപ്പനെ സ്വീകരിക്കാനെത്തും. ഇന്നു വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
പാലായില്‍ വിട്ടുവീഴ്ച ചെയ്യാനും എല്‍ഡിഎഫ് വിടേണ്ടെന്നും പവാര്‍ തീരുമാനിച്ചാലും യുഡിഎഫില്‍ ചേര്‍ന്നു പാലായില്‍ മത്സരിക്കാനാണ് കാപ്പന്റെ തീരുമാനം. തന്റെ തീരുമാനത്തിനു പവാറിന്റെ അനുമതി വാങ്ങാനാണ് കാപ്പന്റെ ഉദ്ദേശ്യം.
കാപ്പന് വേണമെങ്കില്‍ എലത്തൂരോ കുട്ടനാടോ മത്സരിക്കട്ടെയെന്ന് മുഖ്യമന്ത്രി തന്നോട് ഫോണില്‍ പറഞ്ഞതായി പ്രഫുല്‍ പട്ടേല്‍ കാപ്പനെയും അറിയിച്ചു. പാലാ സീറ്റിനു പകരം രാജ്യസഭാ സീറ്റ് നല്‍കാനാകില്ലന്നും പ്രഫുല്‍ പട്ടേലിനോട് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. ഈ വിവരം പ്രഫുല്‍ പട്ടേല്‍ പവാറിനെ അറിയിച്ചു.