കൊച്ചി: രാജ്യവ്യാപകമായി 7000 കോടി രൂപയുടെ മണിച്ചെയിൻ തട്ടിപ്പു നടത്തിയ കേസിൽ കേരളത്തിലെ രണ്ടു പ്രധാനികളെ പോലീസ് പിടികൂടി. ക്യൂനെറ്റ് എന്ന സ്ഥാപനം വഴി തട്ടിപ്പുനടത്തിയ തോപ്പുംപടി പറന്പത്ത് മുഹമ്മദ് ജസീൽ(25), ഫോർട്ട്കൊച്ചി മൂർത്തിപറമ്പിൽ കരണ് പി. സാവന്ത് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പ് സംഘത്തിലെ അഞ്ചുപേർ നേരത്തേ പിടിയിലായിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി.
കേരളത്തിൽ മാത്രം 100 കോടി രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. ക്യൂ നെറ്റ് സ്ഥാപനത്തിന്റെ കീഴിൽ ഓഷ്യൻ ട്രെയിനിംഗ് സൊലുഷൻസ് എന്ന സ്ഥാപനം രൂപീകരിച്ചാണ് ജസീലും കരണും തട്ടിപ്പ് നടത്തിയത്. 2014ൽ എറണാകുളം ആസ്ഥാനമായി തുടങ്ങിയ നെറ്റ്വർക്ക് ശൃംഖല വഴി സംസ്ഥാനത്തെ ആയിരത്തോളം പേരിൽ നിന്നാണ് നൂറുകോടി തട്ടിയെടുത്തത്.
ഒളിവിൽപ്പോയ ഇരുവരും ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാറിത്താമസിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ കമ്പനിയുടെ പേരിൽ യോഗം വിളിച്ചതറിഞ്ഞ നോർത്ത് പോലീസ് കോഴിക്കോട് വെള്ളയിൽ പോലീസിനെ അറിയിച്ചു. എസ്ഐ ജംഷീദിന്റെ നേതൃത്വത്തിൽ ഇരുവരെയും കസ്റ്റഡിയിലെടുത്തു.
വിവിധ സംസ്ഥാനങ്ങളിലായി 7000 കോടിയുടെ തട്ടിപ്പാണ് കമ്പനി നടത്തിയത്. ദേശീയതലത്തിൽ ക്യു നെറ്റാണ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്. മുംബൈ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ ലോക ബില്യാർഡ്സ് താരം മൈക്കിൾ ഫെരേരയാണു പ്രധാന പ്രതി. കമ്പനിയുടെ ചെയർമാനും ഡയറക്ടർമാരും ഒളിവിലാണ്.
പ്രതികൾ ഉപയോഗിച്ചിരുന്ന ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. എസിപി കെ.ലാൽജി, നോർത്ത് സിഐ വിബിൻദാസ്, സീനിയർ സിപിഒമാരായ ഗിരീഷ്ബാബു, വിനോദ് കൃഷ്ണ, രാജേഷ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.