പത്തനംതിട്ട: കെ.എം. മാണി എന്ന രാഷ്ട്രീയ നേതാവ് കേരള കോൺഗ്രസിന്റെ അമരത്ത് നിർണായകമായ തീരുമാനങ്ങൾ പലതും എടുത്തത് പത്തനംതിട്ടയിലെ ചരൽക്കുന്നിലാണ്.ചരൽക്കുന്ന ക്യാന്പ് സെന്റർ കേരള കോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടിയുടെ നിർണായകമായ പല തീരുമാനങ്ങളും ചരൽക്കുന്നിൽ കെ.എം. മാണി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവിൽ 2017 ഓഗസ്റ്റ് ഏഴിന് യുഡിഎഫ് വിടാനുള്ള തീരുമാനം കെ.എം. മാണി സ്വീകരിച്ചതും ചരൽക്കുന്നിലായിരുന്നു. ചരൽക്കുന്നിന്റെ ശാന്തതയാണ് ക്യാന്പുകൾക്ക് ഇവിടം വേദിയാക്കാൻ മാണിയെ പ്രേരിപ്പിച്ചത്.കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളായ വയലാ ഇടിക്കുളയുടെ സ്വന്തം നാട്ടിൽനിന്ന് പാർട്ടി കരുത്ത് പ്രാപിച്ചപ്പോൾ കെ.എം. മാണിയുടെ ആവേശകരമായ പിന്തുണയും സഹായവുമുണ്ടായി.
പത്തനംതിട്ട ജില്ലാ രൂപീകരണത്തിനു വേണ്ടി നിയമസഭയിൽ ആദ്യം പ്രമേയം അവതരിപ്പിച്ചത് മാണിയുടെ വലംകൈ ആയിരുന്ന കേരളകോൺഗ്രസ് എംഎംഎൽമാരായ ഡോ. ജോർജ് മാത്യുവും വയല ഇടിക്കുളയും ചേർന്നായിരുന്നു. അന്നു മുതൽ മന്ത്രിയായിരുന്നപ്പോഴെല്ലാം പത്തനംതിട്ടയുടെ വികസനത്തിനൊപ്പം നിന്നു.
കോഴഞ്ചേരി സമാന്തരപാലം ആദ്യമായി ബജറ്റിൽ ഉൾക്കൊളളിച്ചത് കെ.എം.മാണി ധനമന്ത്രിയായിരുന്നപ്പോഴാണ്. തിരുവല്ല റവന്യു ടവർ, കോടതി സമുച്ചയങ്ങൾ, ഹൗസിംഗ് കോളനികൾ, രാജീവ് ഗാന്ധി ലക്ഷം വീട് കോളനി, ജില്ലയിൽ സബ്ട്രഷറികൾ എന്നിവ അനുവദിക്കുന്നതിന് മാണി മുൻകൈയെടുത്തു.
പത്തനംതിട്ട, റാന്നി, തിരുവല്ല, കല്ലൂപ്പാറ, അടൂർ തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ ഒരു കാലത്ത് കേരള കോൺഗ്രസ് ആയിരുന്നു മത്സരിച്ചിരുന്നത്. ഏറ്റവുമൊടുവിൽ തിരുവല്ലയിൽ മാത്രമായി സ്ഥാനാർഥിത്വം ഒതുങ്ങിയപ്പോഴും പത്തനംതിട്ടയിൽ യുഡിഎഫിനു കരുത്ത് പകരാൻ എല്ലാ തെരഞ്ഞെടുപ്പുകളിലും കെ.എം. മാണി ഓടിയെത്തുമായിരുന്നു.
മാണിയുടെ വിശ്വസ്തനായിരുന്ന ജോർജ് മാത്യു മരണമടഞ്ഞിട്ട് 36 വർഷമായി. എല്ലാ വർഷത്തെയും ജില്ലയിലെ അദ്ദേഹ ത്തിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നത് മാണിയായിരുന്നു. അദ്ദേഹം അവസാനമായി ജില്ലയിലെത്തിയതും ജോർജ് മാത്യു അനുസ്മരണത്തിനായിരുന്നു. പാർട്ടിയുടെ പുതിയ ജില്ലാ പ്രസിഡന്റായി എൻ.എം. രാജുവിനെ പ്രഖ്യാപിച്ചതും ഈ സമ്മേളനത്തിലാണ്.
ജോർജ് മാത്യുവിന് റെകോഴഞ്ചേരി മാണിക്കും പ്രിയപ്പെട്ടത്
കോഴഞ്ചേരി: കോഴഞ്ചേരിയുമായി ഒരു ഹൃദയ ബന്ധം കെ.എം. മാണി എന്നും മനസിൽ സൂക്ഷിച്ചു. മുൻ എംഎൽഎ ഡോ. ജോർജ് മാത്യുവുമായി തുടങ്ങിയ ബന്ധമാണ് മരണംവരെയും അദ്ദേഹം പിന്തുടർന്നത്. കോഴഞ്ചേരിയിലെ പല സർക്കാർ സ്ഥാപനങ്ങളുടെയും ആരംഭം കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ്.
കോഴഞ്ചേരി താലൂക്ക് വേണമെന്നാവശ്യവുമായി 101 ദിവസം കോഴഞ്ചേരിയിലെ സി. കേശവൻ സ്ക്വയറിൽ നടന്ന സമരത്തിന്റെ അവസാനം ജില്ലാ ആശുപത്രിയും സബ് ട്രഷറിയും അനുവദിച്ചു. അന്ന് റവന്യു മന്ത്രിയായിരുന്ന പി.ജെ. ജോസഫ്, കല്ലൂപ്പാറ എംഎൽഎയായിരുന്ന ടി.എസ്. ജോണിന്റെ ആവശ്യപ്രകാരം മല്ലപ്പള്ളി താലൂക്ക് അനുവദിച്ചു.
ഇപ്പോൾ നിർമാണം നടക്കുന്ന കോഴഞ്ചേരിയിലെ പുതിയ പാലത്തിന്ബജറ്റിൽ വകകൊള്ളിച്ചത് വിക്ടർ ടി. തോമസിന്റെ നിവേദന പ്രകാരം കെ.എം. മാണിയായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് കോഴഞ്ചേരിയിൽ മിനി സിവിൽ സ്റ്റേഷൻ കെ.എം. മാണി അനുവദിച്ചത്. ബജറ്റ് വിഹിതമായി 28 ലക്ഷം രൂപയാണ് പുതിയ പാലത്തിന് വേണ്ടി വക കൊള്ളിച്ചത്.
ആറന്മുള ഉത്രട്ടാതി ജലമേളയിലും നീരേറ്റുപുറം വള്ളംകളിയിലും പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്കും വള്ളംകളിക്കും അഞ്ച് ലക്ഷം രൂപ ആദ്യമായി ബജറ്റിലൂടെ അനുവദിച്ചതും കെ.എം. മാണിയായിരുന്നു.