കൊച്ചി: കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെയും (മീഥൈൽ ആൾക്കഹോൾ) മദ്യത്തിന്റെയും (ഈഥൈൽ ആൽക്കഹോൾ) സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്നു വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് സമർപ്പിച്ചു.ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ നടത്തിയ രക്ത സാന്പിൾ പരിശോധനയുടെ റിപ്പോർട്ട് മെഡിക്കൽ ബോർഡിന്റെ പരിഗണനയ്ക്കു സമർപ്പിച്ചെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ നൽകിയ ഹർജിയിലാണ് ചാലക്കുടി പോലീസ് ഇൻസ്പെക്ടർ ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്.2016 മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും രാസ പരിശോധനാ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ മരണത്തിനു കാരണമായേക്കാവുന്ന നാലു സാധ്യതകളാണ് പോലീസ് പരിശോധിച്ചത്. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളിൽചെന്നുള്ള മരണം എന്നിവയാണവ.
മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ അംശത്തിനൊപ്പം ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് രക്തസാന്പിൾ പരിശോധിച്ച എറണാകുളം റീജണൽ കെമിക്കൽ ലാബിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കീടനാശിനി ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങൾ മണി പ്രകടിപ്പിച്ചില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
മണിയുടെ ശരീരത്തിൽ കീടനാശിനിയെത്താനുള്ള സാധ്യത വളരെ കുറവായതിനാലും ഇതിന്റെ അളവ് കണ്ടെത്താൻ ലാബിന് കഴിയാത്തതിനാലും രക്തസാന്പിളടക്കം ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിനു കൈമാറി. കേസിന്റെ അന്വേഷണം തുടരുകയാണെന്നും സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെങ്കിലും ഇതുവരെ അഭിപ്രായം അറിയിച്ചിട്ടില്ലെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
ഗുരുതരമായ കരൾരോഗം, വൃക്കയുടെ തകരാർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ മണിക്കുണ്ടായിരുന്നു. ഇതു വഷളായതാണോ മരണ കാരണമെന്നതിൽ വിദഗ്ധരുടെ അഭിപ്രായം തേടിവരികയാണ്. മാത്രമല്ല, മണിയുടെ സാന്പത്തിക ഇടപാടുകൾ, റിയൽ എസ്റ്റേറ്റ് ബിസിനസ്, സിനിമാ മേഖലയിലെ ശത്രുത, ക്രിമിനലുകളുമായി മണിക്കുണ്ടായിരുന്ന അടുപ്പം തുടങ്ങിയവ വിശദമായി പരിശോധിച്ചു.
എന്നാൽ കൊലപാതകമാണെന്ന് സംശയിക്കാവുന്ന ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.കേസന്വേഷണത്തിന്റെ ഭാഗമായി സാക്ഷികളെ ചോദ്യം ചെയ്തതിനു പുറമേ പോളിഗ്രാഫ് ടെസ്റ്റ് ഉൾപ്പെടെ നടത്തി. പോലീസ് അന്വേഷണം തുടരുകയാണെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.