ചാലക്കുടി: കലാഭവൻ മണിയുടെ രണ്ടാം ചരമവാർഷിക ദിനമായ ഇന്നു കണ്ണീരോർമകളുമായി ആരാധകർ. ഇന്നുരാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മണിയുടെ സ്മൃതികുടീരം സ്ഥിതിചെയ്യുന്ന ചേനത്തുനാട്ടിലെ മണികൂടാരത്തിലേക്ക് ആരാധകരുടെ പ്രവാഹമാണ്.
ഇന്നുരാവിലെ മണിയുടെ സ്മൃതികുടീരത്തിൽ നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺ പുഷ്പാർച്ചന നടത്തി. മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും പുഷ്പാർച്ചന നടത്തി. വൈസ് ചെയർമാൻ വിൻസെന്റ് പാണാട്ടുപറന്പിൽ, മുൻ ചെയർമാൻ ഉഷ പരമേശ്വരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ശ്രീധരൻ, യു.വി. മാർട്ടിൻ, കൗൺസിലർമാരായ മേരി നളൻ, ഗീത ടീച്ചർ, ബീന ഡേവീസ്, കെ.എം. ഹരിനാരായണൻ, ബിന്ദു ശശികുമാർ, മുൻ ചെയർമാൻ എം.എൻ. ശശീധരൻ, പ്രശസ്ത ഫുട്ബോൾ കോച്ച് ടി.കെ. ചാത്തുണ്ണി, ഫുട്ബോൾ താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള നൂറുകണക്കിന് ആളുകൾ പുഷ്പാർച്ചന നടത്താൻ എത്തിയിരുന്നു.
നേരത്തെ മണിയുടെ സുഹൃത്തുക്കൾ കാസ്കേഡ് ക്ലബിന്റെ നേതൃത്വത്തിൽ മണിയുടെ വസതിയിലെത്തി. മണിയുടെ ചിരസ്മരണയിൽ പാവപ്പെട്ട ഒരു കുടുംബത്തിനു വീട് നിർമിച്ചുനൽകുന്നതിന്റെ ഭാഗമായി പോട്ടച്ചിറ വഴിയിൽ നിർമിക്കുന്ന വീടിന്റെ കല്ലിടൽ ചടങ്ങ് ഐ.എം. വിജയനും, ജോ പോൾ അഞ്ചേരിയും ചേർന്ന് നിർവഹിച്ചു.
ഇന്നുവൈകിട്ട് 5.30ന് ടൗൺ ഹാൾ മൈതാനത്ത് കലാഭവൻ മണി രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. കലാഭവൻ മണി പുരസ്കാര സമർപ്പണവും, പ്രശസ്ത മിമിക്രി കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും.