കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐയുടെ നുണ പരിശോധന പൂർത്തിയായി. സിനിമാ താരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ, മണിയുടെ മാനേജരായ ജോബി സെബാസ്റ്റ്യൻ, മണിയുടെ സുഹൃത്തുക്കളായ എം.ജി. വിപിൻ, സി.എ. അരുണ്‍, മുരുകൻ, അനിൽകുമാർ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കിയത്.
ചെന്നൈയിലെ ഫോറൻസിക് ലബോറട്ടറിയിൽനിന്നുള്ള ഉദ്യോഗസ്ഥരാണു കൊച്ചി കതൃക്കടവിലെ സിബിഐ ഓഫിസിൽ നടന്ന പരിശോധനയ്ക്കെത്തിയത്. ലഭ്യമായ വിവരങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്.
2016 മാർച്ച് ആറിനാണ് കലാഭവൻ മണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തുകയും കേസ് അന്വേഷണം സിബിഐക്കു വിടുകയുമായിരുന്നു. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനാ ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്.