ചിറ്റൂർ: ഹൃദ്രോഗ ബാധിതയായ അറുപതുകാരി തുടർചികിത്സക്കും മരുന്നു വാങ്ങാനുമുള്ള വരുമാനമില്ലാത്തതിനാൽ ഉദാരമതികളുടെ കാരുണ്യത്തിനായി കാതോർക്കുകയാണ്. പൊൽപ്പുള്ളി കുണ്ടൻകാട് പരേതനായ പൊന്നുവിന്റെ ഭാര്യ മണിയാണ് രോഗബാധിതയായി വീട്ടിൽ കഴിയുന്നത്.
കുറച്ചു മാസങ്ങൾ ജില്ലാ ആശുപത്രിയിൽ ചികിത്സയും മരുന്നുകളും ലഭിച്ചിരുന്നു. പിന്നീട് ഇപ്പോൾ സ്വകാര്യ ചികിത്സയിലാണുള്ളത്. കൂലിപ്പണിക്കാരനായ ഇളയ മകൻ രവിയും മണിയും മാത്രമാണു കുണ്ടൻകാട്ടിൽ താമസം.
രവിയ്ക്കു ലഭിക്കുന്ന തുഛമായ വരുമാനത്തിലാണ് അമ്മ മണിയുടെ ചികിത്സയും കുടുംബചിലവും നടന്നുവരുന്നത്.കോവിഡ് കാലമെന്നതിനാൽ രവിക്ക് ജോലികളും ലഭിക്കാത്തത് അമ്മയ്ക്ക് കൃത്യമായി ചികിത്സ നടത്താനും കഴിയാതായിട്ടുണ്ട്.
ഒരു തവണ പരിശോധനയ്ക്കും മരുന്നുകൾക്കുമായി 2000 ത്തോളം രൂപ ചിലവും വരുന്നുണ്ട്. വിധവയായ മണിയുടെ ശോചനീയാവസ്ഥ അറിഞ്ഞ് സമീപവാസികളുടെ സഹായം ലഭിക്കുന്നതിനാലാണ് പലപ്പോഴും ചികിത്സയ്ക്ക് പോയിവരുന്നത്.
മേൽക്കൂര ചിതലരിച്ച് പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലുള്ള വീടിനകത്താണ് രോഗിയായ മണി കഴിച്ചു കൂട്ടുന്നത്. മേൽക്കൂര പുതുക്കിപ്പണിയാൻ പഞ്ചായത്തധികൃതർക്ക് കഴിഞ്ഞ പത്തു വർഷമായി നൽകുന്ന അപേക്ഷകളെല്ലാം ചുവപ്പുനാടയിൽ കുടുങ്ങി ചലനമറ്റ നിലയിൽ തന്നെയാണ്.
ഇടയ്ക്കിടെ ഉണ്ടാവുന്ന കാറ്റും മഴയും മണി വീടിനകത്തു കഴിയുന്നത് അപകട ഭീതിയിലാണ്. കൃഷിപ്പണിക്കു പോയിരുന്ന വൃദ്ധ അസുഖബാധിതയായതോടെ വരുമാനം നിലച്ച് വീട്ടിൽ കഴിയുന്നത് സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ചാണ്. ഇവരുടെ ഫോണ് നന്പർ: 9744098268.