
പുത്തൻചിറ: കയറിക്കിടക്കാനുണ്ടായിരുന്ന വീട് രാത്രിയിൽ തകർന്നു വീണു. വീട്ടുകാർ ചെറിയ ശബ്ദം കേട്ടപ്പോഴേക്കും ഇറങ്ങി ഓടിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പുത്തൻചിറ കൂവക്കാട്ടിൽ മണിയുടെയും മകൻ ലിജിമോന്റെയും വീടാണ് കഴിഞ്ഞ രാത്രിയിൽ 11 മണിയോടെ നിലംപൊത്തിയത്. നാല് ചുമരുകൾ തകർന്ന് വീട് നിലം പൊത്തുകയായിരുന്നു.
ലൈഫ് പദ്ധതിയിലും പ്രധാനമന്ത്രിയുടെ ആവാസ് പദ്ധതിയിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നടപടികൾ ഒന്നുമായിട്ടില്ല. ഗ്രാമസഭകളിലും ഇവരുടെ വീടിനായുള്ള നടപടികൾ എടുത്തിരുന്നു.
ആകെയുണ്ടായിരുന്ന കിടപ്പാടം നിലംപതിച്ചതോടെ ഇനിയെന്ത് എന്ന ആശങ്കയിലാണിവർ. ഇനി തലചായ്ക്കാനിടത്തിനായി സുമനസുകളോ അധികൃതരോ കനിയേണ്ട അവസ്ഥയിലാണ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് അധികൃതർ താത്ക്കാലിക സൗകര്യം ഒരുക്കി നൽകാമെന്ന് അറിയിച്ചതായി വീട്ടുകാർ പറഞ്ഞു.