കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടി യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയെ സന്ദർശിച്ചു. പാലായിലെ വസതിയിലെത്തിയാണ് വിജയകുമാർ മാണിയുമായി കൂടിക്കാഴ്ച നടത്തിയത്.
സന്ദർശനം സ്വാഭാവികമാണെന്നും പിന്തുണ സംബന്ധിച്ച് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികൾ പിന്തുണ തേടുന്നത് സ്വാഭാവികമാണ്. യുഡിഎഫ് സ്ഥാനാർഥി പിന്തുണ തേടി എത്തിയതിൽ സന്തോഷമുണ്ട്. ഏത് സ്ഥാനാർഥിക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാർട്ടിയാണെന്നും മാണി പറഞ്ഞു.
മാണിയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി വിജയകുമാറും കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതികരിച്ചു. പിന്തുണ നൽകുന്ന കാര്യത്തിൽ അനുഭാവപൂർവമായ സമീപനമാണ് കെ.എം മാണി സ്വീകരിച്ചത്. തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു. മാണി തെരഞ്ഞെടുപ്പ് വിജയം ആശംസിച്ചതായും വിജയകുമാർ വ്യക്തമാക്കി.