സീമ മോഹന്‍ലാല്‍
സ്ത്രീയെ അബലയെന്നു പരിഹസിക്കുന്ന സമൂഹത്തില്‍ താങ്ങാന്‍ ചെറിയൊരു കരമുണ്ടെങ്കില്‍ സ്ത്രീക്ക് അസാധ്യമായി ഒന്നുമില്ലെന്നു തെളിയിച്ചിരിക്കുകയാണ് രാധാമണി എന്ന മണിയമ്മ.
സ്കൂട്ടര്‍ മുതല്‍ ഫോര്‍ക് ലിഫ്ട് വരെയുള്ള ഹെവി വാഹനങ്ങള്‍ തോപ്പുംപടി സ്വദേശിയായ ഈ എഴുപത്തിയൊന്നുകാരിയുടെ കൈയില്‍ ഭദ്രം.
ഇതിനകം 11 തരം വാഹനങ്ങളുടെ ലൈസന്‍സാണ് ഡ്രൈവിംഗിലെ ഈ താരം സ്വന്തമാക്കിയിരിക്കുന്നത്. ടു വീലര്‍, ത്രീ വീലര്‍, കാര്‍, ബസ്, ലോറി, ട്രാക്ടര്‍, എസ്കവേറ്റര്‍, ട്രെയിലര്‍, ക്രെയിന്‍, ഫോര്ക്ലിഫ്ട്, റോഡ് റോളര്‍ തുടങ്ങി 11 തരം വാഹനങ്ങളുടെ ലൈസന്‍സുള്ള കേരളത്തിലെ അപൂര്‍വം സ്ത്രീകളില്‍ ഒരാളാണ് മണി ലാലന്.
കഴിഞ്ഞ വര്‍ഷം പെട്രോളിയം വണ്ടി ഓടിക്കാനുള്ള ഹസാര്‍ഡസ് ലൈസന്‍സും മണിയമ്മ സ്വന്തമാക്കുകയുണ്ടായി.
സൈക്കിള്‍ അറിയില്ല പക്ഷേ…
ഹെവി വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യ വനിതയാണ് മണിയമ്മ. 1967 ലാണ് ടി.വി. ലാലന്റെ ജീവിതസഖിയായി മണിയമ്മയെത്തുന്നത്.
ബസ്, ലോറി ട്രാന്‍സ്പോര്‍ട്ട് സര്‍വീസായിരുന്നു ലാലന്റേത്. തുടര്‍ന്നാണ് ലാലന് എ ടു ഇസഡ് ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങിയത്. അരൂക്കുറ്റി വടുതലയിലായിരുന്നു മണിയമ്മയുടെ വീട്.
അവിടെയാണെങ്കില്‍ വാഹന സൗകര്യം കുറവായിരുന്നു. ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരമായിരുന്നു മണിയമ്മ ആദ്യമായി ഫോര്‍വീലര്‍ ലൈസന്‍സ് എടുത്തത്.
അത് 1981ലായിരുന്നു. അന്ന് മണിയമ്മയ്ക്കു 30 വയസായിരുന്നു. സൈക്കിള്‍ ബാലന്‍സ് പോലും അവര്‍ക്ക് പരിചിതമല്ലായിരുന്നു. എങ്കിലും ഓരോ വര്‍ഷവും മണിയമ്മ ഓരോ പുതിയ വാഹനങ്ങളുടെയും ലൈസന്‍സ് എടുത്തു.
2014ലാണ് ക്രെയിന്‍ ഫോര്‍ക് ലിഫ്ട്, റോഡ് റോളര്‍, ട്രെയിലര്‍ എന്നിവയുടെ ലൈസന്‍സ് എടുത്തത്. കേരളത്തില്‍ ആദ്യമായി ഹെവി ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങിയത് മണിയമ്മയാണ്.
അന്ന് ഹെവി ലൈസന്‍സ് എടുക്കാന്‍ മംഗലാപുരം പോകണമായിരുന്നു. 1978ല്‍ മംഗലാപുരത്ത് പോയാണ് മണിയമ്മ ലൈസന്‍സ് എടുത്തത്.
തുടര്‍ന്നു ഡ്രൈവിംഗ് സ്കൂളിലെത്തുന്നവര്‍ക്ക് ഡ്രൈവിംഗിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കുമായിരുന്നു. വണ്ടി ബാലന്‍സ് ചെയ്യാനും പഠിപ്പിക്കുമായിരുന്നു.
ഇപ്പോള്‍ കളമശേരി ഗവ. പോളി ടെക്നിക്കലില്‍ പ്രഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗില്‍ ഒരു വര്‍ഷത്തെ കോഴ്സ് മണിയമ്മ പഠിക്കുന്നുണ്ട്.
കുടുംബയാത്രകളിലെ ഡ്രൈവര്‍
കുടുംബയാത്രകളില്‍ മിക്കവാറും മണിയമ്മ തന്നെയായിരിക്കും ഡ്രൈവര്‍. കുടുംബാംഗങ്ങള്‍ ഒന്നിച്ച് നിലമ്പൂര്‍, വയനാട്, കുറ്റാലം, അതിരപ്പള്ളി, സേലം എന്നിവിടങ്ങളിലേക്ക് യാത്ര പോയപ്പോഴെല്ലാം മണിയമ്മയാണ് വണ്ടിയോടിച്ചത്.
എഴുപത്തിയൊന്നാം വയസില്‍ വലിയ വാഹനങ്ങളില്‍ കയറുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മണിയമ്മ പറയുന്നു. പക്ഷേ ഡ്രൈവിംഗില്‍ ഇപ്പോഴും കമ്പമുണ്ടെന്ന കാര്യം അവര്‍ മറച്ചുവയ്ക്കുന്നില്ല.
ഇപ്പോഴും അമ്പലത്തിലും കടയിലുമൊക്കെ പോകാന്‍ മണിയമ്മ ടൂവിലറും കാറുമൊക്കെയാണ് ഉപയോഗിക്കുന്നത്. സ്വന്തമായി വണ്ടിയോടിക്കാന്‍ അറിയാമെങ്കില്‍ യാത്ര പോകാന്‍ ആരെയും ആശ്രയിക്കേണ്ടതില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ മണിയമ്മ പറയുന്നു.
ആദ്യകാലത്ത് താന്‍ വലിയ വാഹനങ്ങള്‍ ഓടിച്ചു പോകുന്നതു കണ്ട് പലരും കളിയാക്കിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഓടിക്കുന്ന വാഹനങ്ങളില്‍ ഫോര്‍ക് ലിഫ്ട് ആണ് കൈകാര്യം ചെയ്യാന്‍ എളുപ്പമെന്നാണ് മണിയമ്മയുടെ അഭിപ്രായം. എ ടു ഇസഡ് ഓഫീസില്‍ കംപ്യൂട്ടര്‍ വര്‍ക്കുകളിലാണ് ഇപ്പോള്‍ മണിയമ്മ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പിന്തുണയേകി മക്കള്‍
മിലന്, മിനി, മിജു എന്നിവരാണ് മണിയമ്മയുടെ മക്കള്‍. ഭര്‍ത്താവ് ലാലന്റെ മരണശേഷം മക്കളാണ് ഡ്രൈവിംഗ് സ്കൂള്‍ നടത്തുന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ എ ടു ഇസഡിന് ബ്രാഞ്ചുകളുണ്ട്.