മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ കാട്ടുപന്നികളെ ഓടിക്കാന്‍ ആദിവാസി മൂപ്പന്റെ മണിക്കെണി. ഉപയോഗശൂന്യമായ പിടിയില്ലാത്ത കൈക്കോട്ടും ഇരുമ്പു കമ്പിയും ഉപയോഗിച്ചാണ് കെണിയൊരുക്കിയത്. ഉയരത്തില്‍ തൂക്കിയിടുന്ന കൈക്കോട്ടില്‍ ഇരുമ്പുകമ്പി അടിച്ച് ശബ്ദമുണ്ടാക്കിയാണ് പന്നികളെ ഓടിക്കുന്നതെന്ന് മൂപ്പന് വേലായുധന് പറഞ്ഞു. താമസസ്ഥലത്തുനിന്നും നീളത്തില്‍ ചരടുകെട്ടിയാണ് ഇതു പ്രവര്‍ത്തിപ്പിക്കുന്നത്. രാത്രികാലത്ത് കൃഷിസ്ഥലത്ത് പന്നിക്കൂട്ടം ഇറങ്ങിയാല്‍ കിടക്കുന്നിടത്തു വച്ചുതന്നെ ചരടുവലിച്ച് ശല്യക്കാരെ ഓടിക്കാനാകും.
മുന്നൂറുമീറ്റര്‍ ദൂരെവരെയാണ് ഇതു കെട്ടിത്തൂക്കുന്നത്. കാലിക്കുപ്പി തലകീഴായി തൂക്കിയിട്ട് കാറ്റിന്റെ സഹായത്തോടെ തകരത്തില്‍ ശബ്ദമുണ്ടാക്കുന്ന വിദ്യയുമുണ്ട്. മലയോരമേഖലയില്‍ ഇത്തരം സൂത്രപണികളിലൂടെയാണ് കാട്ടുമൃഗങ്ങളില്‍നിന്നും കര്‍ഷകര്‍ കൃഷിയെ സംരക്ഷിക്കുന്നത്.