തിരുവനന്തപുരം: കെ.എം മാണിക്ക് സ്മാരകം നിർമിക്കാൻ പണം അനുവദിച്ചത് രാഷ്ട്രീയ മാന്യത മുൻനിർത്തിയാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. കെ.എം മാണി അനിഷേധ്യനായ നേതാവാണ്. മാണിയെ ആദരിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല. സിപിഎം പ്രവർത്തകർക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ല, സ്മാരകം അനിവാര്യമായിരുന്നു. സിപിഎം അംഗീകരിക്കുന്നില്ലെങ്കിലും മാണിയെ ആദരിക്കുന്ന ജനവിഭാഗം കേരളത്തിലുണ്ട്. സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചതിൽ തെറ്റില്ല. സർക്കാരിന്റെ ചുമതലയാണതെന്നും തോമസ് ഐസക്ക് പറഞ്ഞു.
കെ.എം മാണി സ്മാരകം നിർമിക്കുന്നതിന് അഞ്ച് കോടി രൂപയും പാലായിൽ അഞ്ച് ഏക്കർ സർക്കാർ ഭൂമിയുമാണ് ബജറ്റിൽ ഐസക്ക് അനുവദിച്ചത്. മാണിയുടെ സ്മാരകമായി പഠന ഗവേഷണകേന്ദ്രം ആരംഭിക്കുന്നതിനാണ് തുക.