പാലാ: ഇല്ല, ഇല്ല, മരിക്കുന്നില്ല, കെ.എം.മാണി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ...
അരനൂറ്റാണ്ടിലേറെ പാലായുടെ ഹൃദയതാളമായിരുന്ന പ്രിയനേതാവിന്റെ ചേതനയറ്റ ശരീരം കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയപ്പോൾ കൂടി നിന്ന പ്രവർത്തരുടെ കണ്ഠത്തിൽ നിന്നുയർന്നത് തങ്ങളുടെ പ്രിയനേതാവിനോടുളള ഹൃദയംകൊണ്ടുള്ള ഏറ്റുപറച്ചിലായിരുന്നു. കണ്ണേ കരളേ കെ.എം.മാണി എന്ന് ഏറെ ആരാധനയോടെ വിളിച്ചിരുന്ന തങ്ങളുടെ പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ പ്രവർത്തകർ വിതുന്പിക്കരഞ്ഞു.
പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാനും പ്രണാമം അർപ്പക്കാനുമായി പുലർച്ചെ മുതൽ പാലാ കരിങ്ങോഴയ്ക്കൽ വീട്ടിനു മുൻവശം ആയിരങ്ങളാണ് കാത്തു നിന്നത്. വിലാപയാത്രയിൽ ആദരാഞ്ജലി അർപ്പിക്കാൻ നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിലെല്ലാം അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടതോടെ പാലാക്കാരുടെ കാത്തിരുപ്പ് അനിശ്ചിതമായി നീണ്ടെങ്കിലും പ്രിയപ്പെട്ട മാണിസാറിനെ കാണാൻ പാലാ ഒന്നാകെ കാത്തുനിന്നു.
ആൾക്കൂട്ടത്തെ ആവേശമായി കണ്ട ജനനായകന് അന്ത്യയാത്രാമൊഴിയേകുന്പോൾ പലരും വിതുന്പിക്കരഞ്ഞു. രാവിലെ ഏഴോടെയാണ് മാണിസാറിന്റെ ഭൗതികശരീരവും സംവഹിച്ചുളള വാഹനവ്യൂഹം കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത്.
വാഹനത്തിനു ചുറ്റും കൂടിയ പ്രവർത്തകരെ വളരെ പാടുപെട്ടാണ് നിയന്ത്രിച്ചത്. തുടർന്ന് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയ മൃതശരീരം 8.15 ടെ പന്തലിൽ പൊതുദർശനത്തിന് വച്ചു. മാർ ജോസഫ് കല്ലറങ്ങാട്ടും വിവിധ സഭകളിലെ ഉൾപ്പെടെയുള്ള വൈദികമേലധ്യക്ഷന്മാരും പ്രാർഥനാ ശുശ്രൂഷകൾ നടത്തി.