കൊടുങ്ങല്ലൂർ: കേരളത്തിലെ കലാ ആസ്വാദകരുടെ മനസുകളിൽ ഇനിയും ഉണങ്ങാത്ത മുറിവായ കലാഭവൻ മണിയുടെ സ്മരണയ്ക്കായി ആത്മസുഹൃത്തിന്റെ ശില്പ സമർപ്പണം. മണിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണിയുടെ വീടിനടുത്തുള്ള വായനശാലയ്ക്കു മുന്നിൽ സ്ഥാപിക്കുന്ന എട്ടടി ഉയരമുള്ള ശില്പം നാട്ടുകാർക്കു മണിയുടെ നേർകാഴ്ചയാകും.
മണിയുടെ സുഹൃത്തും ശില്പകലാകാരനുമായ കൊടുങ്ങല്ലൂർ സ്വദേശി ഡാവിഞ്ചി സുരേഷാണ് ഫൈബറിൽ പൂർണകായ പ്രതിമ നിർമിച്ചിട്ടുള്ളത്. മണിയുമായി വർഷങ്ങളായുള്ള സൗഹൃദമാണ് പ്രതിമാനിർമാണത്തിനു പ്രേരണയായതെന്നു ഡാവിഞ്ചി സുരേഷ് പറഞ്ഞു. ചാലക്കുടിക്കാർക്കായി മണി സംഘടിപ്പിച്ചിട്ടുള്ള മിക്ക പരിപാടികളിലും സുരേഷിന്റെ സൃഷ്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
വായനശാലയ്ക്കുമുന്പിൽ സ്ഥാപിക്കാൻ ശില്പനിർമാണ ആവശ്യവുമായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ സുരേഷിനെ സമീപിച്ചപ്പോൾ പ്രതിമയുടെ നിർമാണചെലവ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.വർഷങ്ങൾക്കുമുന്പ് മണിയുടെ മുഖത്തുനിന്നും അച്ചെടുത്തുവച്ചിരുന്നതു പ്രതിമാ നിർമാണത്തിനു സുരേഷിന് ഏറെ സഹായകമായി.
നിരവധി ചലിക്കുന്ന ഭീമാകാരമായ ശില്പങ്ങൾ തീർക്കുന്ന ഡാവിഞ്ചി സുരേഷിന്റെ കിംഗ്കോംഗ് ചെണ്ട കൊട്ടുന്ന വലിയ ശില്പത്തിനു മുന്നിൽ കലാഭവൻ മണിയും ഒരിക്കൽ ശില്പ കഥാപാത്രമായി മാറിയിട്ടുണ്ട്. ചേനത്തുനാട്ടിലെ മണി നിർമിച്ച കലാഗൃഹത്തിന്റെ ഭിത്തിയിൽ മണിയുടെ അച്ഛന്റെയും അമ്മയുടേയും ശില്പം നിർമിച്ചതു സുരേഷ് ആയിരുന്നു. ഇന്നുരാവിലെ പ്രതിമയുടെ അനാച്ഛാദനം നടന്നു. സിനിമാതാരം മണികണ്ഠൻ മുഖ്യാതിഥിയായിരുന്നു.