സ്വന്തം ലേഖകൻ
തൃശൂർ: എൽഡിഫ് സർക്കാർ വൈദ്യുതി നിരക്കു വർധിപ്പിച്ചതിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. നാളെ ചേരുന്ന കെപിസിസി നേതൃയോഗത്തിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യും.വിലക്കയറ്റത്തിൽ വലഞ്ഞിരിക്കേ വൈദ്യുതി നിരക്കും വർധിപ്പിച്ചതിലൂടെ എൽഡിഎഫ് ജനങ്ങളെ ഷോക്കടിപ്പിച്ചിരിക്കുകയാണ്.
ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവർക്കും കർഷകർക്കും വൈദ്യുതിനിരക്കിൽ ഇളവു നൽകുമെന്നു പറയുന്നത് കണ്ണിൽ പൊടിയിടലാണ്. 90 ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. ഇവരായിരിക്കും നിരക്കുവർധനയുടെ ഭാരം താങ്ങേണ്ടിവരുന്നതെന്നും ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ പിന്തുണ ഗുണം ചെയ്തു. മാണിയെ ആരും യുഡിഎഫിൽ നിന്ന് പുറത്താക്കിയതല്ല. മാണി തിരിച്ചു വരണമെന്നാണ് മുന്നണിയുടെ ആഗ്രഹം. ഇതു സംബന്ധിച്ച് 21ന് ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും.
ഉമ്മൻചാണ്ടി കെപിസിസി പ്രസിഡന്റാകുന്നതിന് എല്ലാവർക്കും അനുകൂല നിലപാടാണ് ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹം കെപിസിസി പ്രസിഡന്റാകാനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇത്തരം ചർച്ചകൾക്കു പ്രസക്തിയില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഹസൻ പറഞ്ഞു.
ബിജെപിയുടെ വർഗീയ ഫാസിസത്തിനും എൽഡിഎഫിന്റെ ജനദ്രോഹ നപടികൾക്കും എതിരേയുള്ള താക്കീതാണ് മലപ്പുറം തെരഞ്ഞെടുപ്പ്. കേരളത്തിലെ ജനാഭിപ്രായത്തിന്റെ പ്രതിഫലനമായി വേണം ഇതിനെ കണക്കാക്കാൻ. ഭരണത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ് ഫലമെന്ന കോടിയേരിയുടെ ശരിവച്ചാൽ പിണറായി സർക്കാരിന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നാളെ ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടാൽ എൽഡിഎഫ് തകർന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.