അടൂർ: പ്രതീക്ഷിച്ചില്ല മക്കളേ, ഈ അമ്മ ഇനി നിങ്ങളെ കാണുമെന്ന്… ഇത് അമ്മയുടെ രണ്ടാം ജന്മം…” മണി പൊടിയന്റെ വാക്കുകൾ കേട്ടു നന്ദുജയും നന്ദുവും പൊട്ടിക്കരഞ്ഞു. മൂന്നുവർഷത്തിനുശേഷം ആ അമ്മയും രണ്ടുമക്കളും കൂടിക്കാണുകയായിരുന്നു. കുവൈറ്റിൽ ഇത്രയും കാലം കൊടുംക്രൂരതകൾക്കിരയാകേണ്ടിവന്ന ആ അമ്മ, ഇന്നലെ രാവിലെ അടൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ മക്കളുടെ കരപരിലാളനകളേറ്റുവാങ്ങി.
മൂന്നുവർഷങ്ങൾക്കു മുന്പ് കുവൈറ്റിലേക്കു പോയ കൊടുമൺ ഐക്കാട് മഠത്തിനാൽ മേലേതിൽ പൊടിയന്റെ ഭാര്യ മണി (45)യാണ് ഇന്നലെ രാവിലെ 11ഓടെ കാസർഗോഡ് തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ അടൂർ സ്റ്റാൻഡിൽ വന്നിറങ്ങിയത്.
അടൂർ ബസ് സ്റ്റാൻഡിൽ മകളെയും മകനെയും മറ്റു ബന്ധുക്കളെയും കണ്ടപ്പോഴും സ്വപ്നമല്ല, യാഥാർഥ്യമാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ മണി പാടുപെടുന്നുണ്ടായിരുന്നു. പത്തനാപുരം സ്വദേശി ബാലൻപിള്ളയാണ് മണിയെ മൂന്നുവർഷം മുന്പ് കുവൈറ്റിലേക്ക് അയച്ചത്. ആദ്യത്തെ മൂന്നുമാസം ഇവർ വീട്ടിലേക്ക് പണമയച്ചു.
വിവരങ്ങളുമുണ്ടായിരുന്നു. പിന്നീട് അമ്മയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ മക്കൾ ഒറ്റപ്പെട്ടു. അച്ഛനും നോക്കാതായതോടെ 16കാരിയായ നന്ദുജയും 15കാരനായ നന്ദുവും ഇലന്തൂരിലെ ബന്ധുവീട്ടിലേക്കു താമസം മാറി.കുവൈറ്റിൽ വീട്ടുജോലിക്കെന്നു പറഞ്ഞാണ് മണിയെ വീസ നൽകിയത്. മാസം 25,000 രൂപ ശമ്പളം ലഭിക്കുമെന്നായിരുന്നു ഏജന്റിന്റെ വാഗ്ദാനം.
ഇത് വിശ്വസിച്ച് കുവൈറ്റിലെത്തിയ ഇവർക്ക് ആദ്യത്തെ മൂന്നു മാസങ്ങളിലായി 40000 ഓളം രൂപ അറബിയായ വീട്ടുടമസ്ഥൻ നൽകി.എന്നാൽ പിന്നീട് ശന്പളം നൽകിയില്ലെന്നു മാത്രമല്ല ഭക്ഷണം പോലും നൽകാതെ ദിവസം 20 മണിക്കൂറിലധികം ജോലി ചെയ്യിക്കുകയും ക്രൂരമർദനത്തിന് വിധേയയാക്കുകയും ചെയ്തതായി മണി പറഞ്ഞു.
മർദനത്തിൽ മണിയുടെ വലതുകണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. അറബി മുടി വലിച്ച് പിഴുതുകയും തല ഫ്രിഡ്ജിന്റെ ഫ്രീസറിൽ ബലമായി പിടിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നുവെന്നും പറയുന്നു. ഇതിനിടെ ഇവരുടെ മക്കളും സഹോദരിയും ഇലന്തൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സ്നേഹക്കൂട്ടം എന്ന സന്നദ്ധ സംഘടനയുടെ സഹായം തേടി. സ്നേഹക്കൂട്ടത്തിന്റെയും പ്രവാസി മലയാളി സംഘടനയുടെയും ശ്രമഫലമായി കുവൈറ്റ് എംബസി വിഷയത്തിൽ ഇടപെട്ടു. അന്വേഷണം ഉണ്ടായതോടെ അറബി ഇവരെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റി.
ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ അവിടത്തെ അറബിയായ വീട്ടമ്മ ഇമാൻ, മണി പൊടിയനെ പഴയ അറബിയുടെ വീട്ടിലേക്ക് അയച്ചില്ല. ഇമാൻ ഇന്ത്യൻ എംബസിയുമായും പ്രവാസി മലയാളി സംഘടനാ പ്രവർത്തകയും സ്നേഹക്കൂട്ടം ഭാരവാഹിയുമായ മഞ്ജു വിനോദ് എന്നിവരുമായും ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കുന്നതിന് അവസരമൊരുക്കുകയായിരുന്നു.
ഇതിനിടെ, പാസ്പോർട്ടും മറ്റു രേഖകളും അറബിയുടെ കൈവശമായതിനാൽ ഇവർക്ക് ഏതാനും ദിവസം ജയിലിലും കഴിയേണ്ടി വന്നു. മഞ്ജു വിനോദ് ട്വിറ്ററിലൂടെ വിഷയം വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയിലും കൊണ്ടുവന്നിരുന്നു. വിദേശകാര്യമന്ത്രാലയവും ഇടപെട്ടതോടെ കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതർ മണിയുടെ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് വേഗത്തിൽ സംഘടിപ്പിച്ച് ഇവരെ ജയിൽമോചിതയാക്കി നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
മണിയെ കുവൈറ്റിലേക്ക് അയച്ച ഏജന്റ് ബാലൻ പിള്ളയെ അറസ്റ്റ് ചെയ്തെന്നു കൊടുമൺ എസ്ഐ വിൽസൺ പറഞ്ഞു.മുംബൈയിൽ നിന്ന് ബസ് മാർഗം ഗോവയിലും അവിടെനിന്ന് കാസർഗോഡും എത്തിയ മണിക്ക് യാത്രയിൽ പോലീസ് സഹായം ചെയ്തു. ഇന്നലെ അടൂർ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് മണിയെ ബന്ധുക്കൾക്കൊപ്പം അയച്ചത്.