മണിയന്‍പിള്ള രാജു എന്ന നടനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ബോബി എന്ന ചിത്രത്തിലൂടെ നായകനായി അദ്ദേഹത്തിന്റെ മകന്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടുതന്നെയാണെന്ന് വേണം കരുതാന്‍. അര നൂറ്റാണ്ടോളമെത്തുന്ന തന്റെ അഭിനയ ജീവിതത്തില്‍ സംഭവിച്ച രസകരമായ കാര്യങ്ങളെക്കുറിച്ച് പല അവസരങ്ങളിലും അദ്ദേഹം വാചാലനായിട്ടുണ്ട്. സിനിമയില്‍ തിരക്കേറിയ കാലത്ത് സിനിമയോടനുബന്ധിച്ചു തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച രസകരമായ മറ്റൊരു സംഭവത്തെ വിവരിക്കുകയാണ് മണിയന്‍പിള്ള രാജു ഇപ്പോള്‍. രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…
ചെന്നൈയില്‍ പാംഗ്രോവ് ഹോട്ടലില്‍ അഞ്ഞൂറ്റിനാലാം നമ്പരിലായിരുന്നു ഞാന്‍ സ്ഥിരമായി താമസിച്ചിരുന്നത്. ചെന്നൈയില്‍ താമസമാക്കും മുന്‍പു പ്രിയന്‍ വരുമ്പോള്‍ എന്റെ കൂടെ ആ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞു വന്നതും ഞാന്‍ ഉറങ്ങാന്‍ കിടന്നു. പ്രിയന്‍ മുറിയില്‍ എത്തിയിരുന്നില്ല. പ്രിയന്‍ വരുമ്പോള്‍ തട്ടിവിളിച്ച് ഉറക്കം പോകണ്ട എന്നു കരുതി ഞാന്‍ വാതില്‍ ചാരിവെച്ചിരുന്നു. ഒന്നുറങ്ങിയ സമയത്ത് പെട്ടന്ന് ഒരു സ്ത്രീയുടെ നിലവിളി.
ഞാന്‍ ഞെട്ടിയെഴുന്നേറ്റു നോക്കുമ്പോള്‍ ഒരു സ്ത്രീ സാരിയൊക്കെ അഴിച്ചു കയ്യില്‍ പിടിച്ചു നില്‍ക്കുകയാണ്. അവര്‍ നമ്പര്‍ തെറ്റി ഈ മുറിയില്‍ വന്നുകയറി സാരിയൊക്കെ അഴിച്ചു ലൈറ്റിട്ടപ്പോള്‍ ഞാന്‍ കിടന്ന് ഉറങ്ങുന്നു. പേടിച്ച് നിലവിളിച്ചതാണ്. ഞാന്‍ കണ്ണുതിരുമ്മി ഉണര്‍ന്നു വരുമ്പോള്‍ അവര്‍ എന്നോട് ചൂടാകാന്‍ തുടങ്ങി. അവരുടെ മുറിയില്‍ ഞാന്‍ ചെന്നുകയറിയെന്നു പറഞ്ഞാണു വഴക്ക്. ഞാന്‍ പറഞ്ഞു, ഇതെന്റെ മുറിയാണ്, നിങ്ങള്‍ക്കാണ് മുറി മാറിയത്. ഒടുവില്‍ അവര്‍ക്കാണ് തെറ്റിയതെന്നു മനസിലായപ്പോള്‍, സാരിയൊക്കെ വലിച്ചെടുത്തു സോറിപറഞ്ഞുകൊണ്ട് ഒരൊറ്റയോട്ടം.