കാട്ടാക്കട : കല്ലുവാതുക്കൽ വ്യാജമദ്യ ദുരന്ത കേസിലെ പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും. പിഴ തുക അടയ്ക്കാതെ മണിച്ചനെ മോചിക്കാൻ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
ഉത്തരവിന്റെ പകർപ്പ് മണിച്ചൻ കഴിയുന്ന തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ എത്താത്തതിനാൽ മോചനം സാധ്യമായില്ല. ഇന്ന് ഉത്തരവ് ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.
സുപ്രീംകോടതിയിൽ നിന്ന് ഉത്തരവ് ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. അത് ഹോം ഡിപ്പാർട്ട്മെന്റിൽ നിന്ന് ജയിലിൽ ഇന്ന് എത്തുമെന്നാണ് കരുതുന്നത്.
31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്തത്തിലെ ഏഴാം പ്രതിയായ മണിച്ചൻ 22 വർഷമായി ജയിലിലാണ്. നേരത്തെ ശിക്ഷാ ഇളവ് നൽകുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ മുപ്പത് ലക്ഷത്തി നാൽപ്പത്തയ്യായിരം രൂപ കെട്ടിവയ്ക്കാത്തതിനാൽ ജയിലിൽ നിന്നിറങ്ങാൻ സാധിച്ചിരുന്നില്ല.
മണിച്ചന്റെ ഭാര്യയുടെ ഹർജിയിൽ പിഴ തുക സുപ്രീം കോടതി ഒഴിവാക്കുകയായിരുന്നു. തുറന്നജയിലിലെ ടിവിയിൽ നിന്നാണ് വാർത്ത കേട്ടത്. അതിൽ സന്തോഷം തോന്നുന്നതായി മണിച്ചൻ പറഞ്ഞു.
നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിലെ കൃഷിയുടെ മേൽനോട്ടം മണിച്ചനായിരുന്നു. പത്തു വർഷമായി ജയിലിലെ കൃഷികാര്യങ്ങൾ നോക്കുന്നു.
ജയിലിനു പുറത്തിറങ്ങിയാലും മണിച്ചന് ഉപജീവന മാർഗം കൃഷിയാകും. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതിയായി സെൻട്രൽ ജയിലിലായിരുന്ന മണിച്ചനെ നല്ലനടപ്പിനെ തുടർന്നാണ് തുറന്ന ജയിലേക്കു മാറ്റിയത്.