മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. നിരവധി സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ്.
ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. 1993 ല്‍ ഇറങ്ങിയ ചിത്രം ഇന്നും പ്രക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മുന്നിൽ തന്നെയാണ്.
അതേ സമയം ഇന്ന് മണിച്ചിത്രത്താഴ് റിലീസായാല്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന് ജാഫര്‍ ഇടുക്കി. ഒരു അഭിമുഖത്തിലാണ് ജാഫര്‍ ഇടുക്കി ഇക്കാര്യം വ്യക്തമാക്കിയത്.
‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയിലെ സസ്പെന്‍സ് എല്ലാവരും ഫോണില്‍ പകര്‍ത്തും. ശോഭനയാണ് നാഗവല്ലി എല്ലാവരും കാണണം എന്ന് പറയും. ഒളിച്ചും പാത്തും ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നെനെ. ഇങ്ങനെയൊരു പ്രശ്നമുണ്ട്.
സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ഫോണ്‍ റെക്കോഡിംഗ്. നമ്മള് അനൗണ്‍സ് ചെയ്താലും റെക്കോഡ് ചെയ്യും. അങ്ങനെ ഒരാള്‍ റെക്കോഡ് ചെയ്യുമ്പോള്‍ ഒരു നിര്‍മ്മാതാവിന്റെ മനസൊക്കെ എത്ര വിഷമം ഉണ്ടാകുമെന്ന് അറിയാമോ. എത്രകാശ് മുടക്കിയാണ് പടം ചെയ്യുന്നത് എന്ന് അറിയാമോ. ഇതെല്ലാം ഒറ്റ ക്ലിക്കില്‍ ഒന്നുമല്ലാതാക്കുകയാണ്’ ജാഫര്‍ ഇടുക്കി പറയുന്നു.
കടകന്‍ എന്ന ചിത്രമാണ് അടുത്തതായി ജാഫര്‍ ഇടുക്കിയുടെതായി എത്താനുള്ളത്. ചിത്രത്തിൽ സുപ്രധാന വേഷമാണ് അഭിനയിക്കുന്നത്. മംഗോ മുറി എന്ന ചിത്രത്തിലാണ് അവസാനമായി ജാഫർ ഇടുക്കി അഭിനയിച്ചത്. ഇതിലും പ്രധാന്യമുള്ള വേഷമായിരുന്നു.