മണിച്ചിത്രത്താഴ് എന്ന ഫാസില്‍ ചിത്രം പോലെ മലയാളികള്‍ അത്രമേല്‍ ആസ്വദിച്ച ഒരു സിനിമ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. മണിചിത്രത്താഴിലെ എല്ലാ രംഗങ്ങളും മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ളതാണ്. കിണ്ടി കിണ്ടി, വെള്ളം വെള്ളം, എടി അല്ലാ എടാ, രാഗവോ..എന്നിങ്ങനെ നിരവധി ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ ആ രംഗങ്ങള്‍ നമ്മുടെ മനസില്‍ ഓടിയെത്തും. കാലങ്ങള്‍ കഴിഞ്ഞിട്ടും ടിവിയിലൂടെയും വാട്‌സ്ആപ്പിലൂടെയുമെല്ലാം നമ്മളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ കോമഡി സീനുകളുടെ പിറവിയെക്കുറിച്ച് സംവിധായകന്‍ ഫാസില്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതിപ്രകാരമാണ്.
നിരവധി സംഭവങ്ങളുടെ തുടര്‍ച്ചയായി വരുന്നതാണ് മോഹന്‍ലാലും കെപിഎസി ലളിതയും കൂടിയുള്ള ബാത്‌റൂം സീന്‍. ‘ആരാടീ…. എന്റെ മുണ്ടെടുത്തത്….?’ എന്ന് ലളിത ചോദിക്കുന്നതും ‘എടിയല്ല….എടാ…..’ എന്ന് മോഹന്‍ലാല്‍ ശബ്ദം മാറ്റി പറയുന്നതുമായ സീന്‍. പിന്നീട് മോഹന്‍ലാല്‍ വിനയപ്രസാദിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. അതു തന്നോടാണെന്ന് തെറ്റിദ്ധരിച്ച് ലളിത ചീത്ത വിളിക്കുന്നു. ആ സീന്‍ എടുക്കാന്‍ അര ചുമരുള്ള രണ്ട് കുളിമുറി വേണം. എങ്കിലേ ഒരു കുളിമുറിയില്‍ നിന്ന് അടുത്ത കുളിമുറിയിലേക്ക് മുണ്ട് എടുക്കാന്‍ പറ്റൂ. ഈ ഒരേയൊരു സീനിനു വേണ്ടി മറ്റൊരു ലൊക്കേഷന്‍ നോക്കാനും പറ്റിയില്ല. അങ്ങനെ കുളിമുറി സെറ്റിടാം എന്നു തീരുമാനിച്ചു.
തൃപ്പൂണിത്തുറ ഹില്‍പാലസില്‍ ആണ് അന്ന് ഷൂട്ടിംഗ് നടക്കുന്നത്. ഒരു ഇടനേരത്ത് പാലസിനു പിന്നിലൂടെ നടക്കുമ്പോള്‍ അതാ ഒരു കെട്ടിടം. അന്വേഷിച്ചപ്പോഴാണറിഞ്ഞത്, അതൊരു പഴയ കുളിമുറിയാണെന്ന്. മനസ്സിലുദ്ദേശിച്ചതു പോലെ തന്നെ അരച്ചുമരുള്ള കുളിമുറി. മറ്റൊരു പ്രധാന കാര്യം ഈ സീനില്‍ ലളിത അഭിനയിച്ചില്ല എന്നതാണ്. ഡബ്ബ് ചെയ്യാന്‍ വന്നപ്പോഴാണ് ലളിത ഇങ്ങനെയൊരു സീനിനെക്കുറിച്ച് അറിയുന്നതു തന്നെ. ‘ഈ സീന്‍ ആരെടുത്തു? എപ്പോള്‍ എടുത്തു? എങ്ങനെയെടുത്തു?’ എന്നൊക്കെപ്പറഞ്ഞ് ലളിത ദേഷ്യപ്പെട്ടു. പിന്നീട് സീനിലെ തമാശയോര്‍ത്ത് അവര്‍ക്ക് ചിരി അടക്കാനും കഴിഞ്ഞില്ല. ഒരിക്കല്‍ രണ്ടു കുട്ടികള്‍ മണിച്ചിത്രത്താഴിലെ ഒരു സംശയം എന്നെ വിളിച്ചു ചോദിച്ചു. ‘നകുലനോട് ഡോ. സണ്ണിക്ക് മുണ്ടു കൊടുത്തയയ്ക്കണമെന്നു പറഞ്ഞിട്ട് എന്താ നകുലന്‍ അതു ചെയ്യാത്തത് എന്ന്’. ‘നകുലന്‍ മുണ്ടുമായി വന്നപ്പോഴേക്കും സണ്ണി കുളി കഴിഞ്ഞു പോയിരുന്നു’ എന്നു ഞാന്‍ മറുപടി പറഞ്ഞു.