.

മോഹൻലാൽ ശോഭന സുരേഷ്ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന ചിത്രം തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ റീമേക്ക് ചെയ്തിട്ടുണ്ട്.
ഹിന്ദിയിൽ ഭൂൽ ഭുലൈയ്യ എന്ന പേരിൽ പ്രിയദർശൻ അക്ഷയ്കുമാർ വിദ്യാബാലൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രവും വൻ വിജയം ആയിരുന്നു.
വർഷങ്ങൾക്ക് മുന്പ് പുറത്തിറങ്ങിയ മണിച്ചിത്രത്താഴിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില പിന്നാന്പുറ വിശേഷങ്ങളുണ്ട്. ചില വെബ്സൈറ്റുകളാണ് ഇക്കാര്യം മുന്പൊരിക്കൽ റിപ്പോർട്ട് ചെയ്തത്.
മാടന്പിള്ളി തറവാട്
ഷൂട്ടിംഗ് നിരോധനമുണ്ടായിരുന്ന പത്മനാഭപുരം പാലസിൽ, അന്നത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.എം.ജേക്കബിന്റെ പ്രത്യേക അനുവാദം വാങ്ങിയായിരുന്നു ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തത്.
പത്മനാഭപുരം കൊട്ടാരത്തിൽ വളരെ ചുരുക്കം ദിവസങ്ങൾ മാത്രമേ ചിത്രീകരണത്തിന് അനുമതി ലഭിച്ചുള്ളൂ എന്നതിനാൽ, തൃപ്പൂണിത്തുറ ഹിൽ പാലസിൽ കൂടുതൽ ഭാഗങ്ങൾ ഷൂട്ട് ചെയ്യേണ്ടി വന്നു. ഒടുവിൽ, രണ്ടും കൂടെ ചേർന്നതായിരുന്നു സിനിമയിൽ നാം കണ്ട മാടന്പിള്ളി തറവാട്.
അഞ്ചു സംവിധായകർ
സംവിധായകൻ ഫാസിലിനൊപ്പം, മറ്റു പ്രശസ്ത സംവിധായകരായ പ്രിയദർശൻ, സിബി മലയിൽ, സിദ്ദിക്ക് ലാൽ തുടങ്ങിയവർ ഓരോ യൂണിറ്റുകളായി പിരിഞ്ഞ്, ഓരോ ഭാഗങ്ങൾ ഷൂട്ട് ചെയ്താണ് മണിച്ചിത്രത്താഴ് പൂർത്തിയാക്കിയത്.
പ്രിയദർശനു വേണ്ടിയും, സിദ്ദിക്ക്-ലാലിനും വേണ്ടി പ്രശസ്ത ഛായാഗ്രാഹകൻ വേണുവും, സിബിമലയിലിനു വേണ്ടി സണ്ണി ജോസഫും മുഖ്യ സംവിധായകനായ ഫാസിലിനു വേണ്ടി ആനന്ദക്കുട്ടനുമാണ് കാമറ ചലിപ്പിച്ചത്.
ഗംഗ അല്ലിയെ ഓടിക്കുന്ന രംഗം, പലവട്ടം പൂക്കാലം എന്ന പാട്ട് തുടങ്ങിയവയാണ് പ്രിയദർശൻ സംവിധാനം ചെയ്തത്. തുടക്കത്തിലെ ഇന്നസെന്റ്-ഗണേഷ് കോമഡിയും, കുതിരവട്ടം പപ്പുവിന്റെ മന്ത്രവാദവും ഒക്കെ സംവിധാനം ചെയ്തത് സിദ്ദിക്ക്-ലാലുമായിരായിരുന്നു.
പഴംതമിഴ് പാട്ടിഴയും എന്ന പാട്ടിലെ പ്രധാന ഭാഗങ്ങളുടെ പിന്നിൽ സിബിമലയിലായിരുന്നു. ക്ലൈമാക്സ് ഉൾപ്പെടെ ചിത്രത്തിലെ മർമപ്രധാനമായ മറ്റെല്ലാ രംഗങ്ങളും ഫാസിൽ തന്നെയാണ് സംവിധാനം ചെയ്തത്.
ഫാസിൽ കഥ കേട്ടതിങ്ങനെ
മണിച്ചിത്രത്താഴിന്റെ കഥ പറയാനായി മധുമുട്ടം എന്ന എഴുത്തുകാരൻ ഫാസിലിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടത്, അതിലേറെ രസകരമായൊരു കഥയാണ്. സോഫയിൽ ചാരിക്കിടന്നാണ് ഫാസിൽ കഥ കേൾക്കാൻ തുടങ്ങിയത്.
ഒഴുക്കൻ മട്ടിൽ കഥ കേട്ടു തുടങ്ങിയപ്പോൾ, തുടക്കത്തിലേ ഫാസിലിന് മടുത്തു. അത് കൊണ്ട് തന്നെ, ആളെ ഒഴിവാക്കണം എന്ന രീതിയിലാണ് അദ്ദേഹം ബാക്കി ഭാഗം കേട്ടത്. എന്നാൽ, ആ കഥയുടെ പ്രധാന ഭാഗങ്ങളിലേക്ക് മധു മുട്ടം എത്തിയപ്പോൾ ഫാസിലിന് ത്രില്ലായി.
പിന്നീട്, അത് മുഴുവൻ കേട്ടു തീരുന്നത് വരെ, മധു മുട്ടത്തിന്റെ മുന്നിൽ അന്പരപ്പോടെ ഇരിക്കുകയായിരുന്നു ഫാസിൽ! ഒടുവിൽ മധുമുട്ടത്തിനെ കെട്ടിപ്പിടിച്ച്, അതിയായ ആഹ്ലാദത്താൽ ഗ്രേറ്റ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ്, അദ്ദേഹം പൊട്ടിച്ചിരിക്കുകയുണ്ടായി. ബാക്കി ചരിത്രമാണ്.
റിക്കാർഡുകൾ ഭേദിച്ച്
ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്യുന്പോൾ ഏറ്റവും അധികം റേറ്റിംഗ് ലഭിക്കുന്ന സിനിമ.
-പി.ജി