കോട്ടയം: പാലാ നിയോജക മണ്ഡലത്തിൽ വരുന്ന ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പനെ സ്ഥാനാർഥിയാക്കാൻ എൻസിപി ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഇന്നലെ ചേർന്ന ജില്ലാ നേതൃയോഗത്തിൽ മാണി സി. കാപ്പനെ സ്ഥാനാർഥിയായി നിർദേശിക്കുവാൻ സംസ്ഥാന കമ്മിറ്റിയോട് ഐകകണ്ഠ്യേനയാണ് യോഗം ആവശ്യപ്പെട്ടത്.
രണ്ടാഴ്ച മുന്പ് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റായിരുന്ന ടി.വി. ബേബിയെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ ബഹളമുണ്ടാക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാന നേതൃത്വം യോഗം അലങ്കോലപ്പെടുത്തിയ അഞ്ചുപേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഉഴവൂർ വിജയനെ അനൂകൂലിക്കുന്ന ഈ വിഭാഗവും ഒൗദ്യോഗിക വിഭാഗവും തമ്മിൽ കടുത്ത പോരാണ് കഴിഞ്ഞ കുറെ നാളായി നടന്നു വന്നിരുന്നത്.
ഒരു മാസം മുന്പ് പാലായിൽ ചേർന്ന എൻസിപി നേതൃയോഗത്തിൽ മാണി സി. കാപ്പനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെയും ഒരു വിഭാഗം നേതാക്കൾ രംഗത്തു വന്നിരുന്നു. ഉഴവൂർ വിജയനെ അനുകൂലിക്കുന്ന ഈ നേതാക്കളെ പുറത്താക്കിയതോടെ ജില്ലാ കമ്മറ്റി പൂർണമായും ഒൗദ്യോഗിക വിഭാഗത്തിനൊപ്പമാണ്.
ജില്ലാ കമ്മറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം 10ന് ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സുഭാഷ് പുഞ്ചക്കോട്ടിൽ, സാജു എ. ഫിലിപ്പ്, പി.എ താഹ, കെ.ജെ. ജോസ്മോൻ, ഞീഴൂർ വേണുഗോപാൽ, പി.എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.