പാലാ: പാലായുടെ പുരോഗതി മാത്രമാണു തന്റെ ലക്ഷ്യമെന്നു മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു. ഇടതുമുന്നണിയെ വഞ്ചിച്ചിട്ടില്ല.
എംഎല്‍എ എന്ന നിലയില്‍ ജനത്തോടൊപ്പം നിന്നു പ്രവര്‍ത്തിച്ചു വരികയാണെന്നും ജയിച്ച പാര്‍ട്ടിയുടെ സീറ്റ് തോറ്റ പാര്‍ട്ടിക്കു പിടിച്ചെടുത്തു നല്‍കിയത് അനീതിയാണെന്നും കാപ്പന് പറഞ്ഞു. പാലായില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ കുറ്റപ്പെടുത്തുന്നവര്‍ യുഡിഎഫ് വോട്ടു വാങ്ങി വിജയിച്ച ജോസ് വിഭാഗം മുന്നണി മാറിയത് ന്യായീകരിക്കുന്നത് ഇരട്ടത്താപ്പാണ്.
കാഞ്ഞിരപ്പള്ളിയിൽ സിറ്റിംഗ് സീറ്റ് വാദമുയര്‍ത്തി വാങ്ങുന്നവര്‍ പാലായുടെ കാര്യത്തില്‍ അതേ വാദം പറയുന്നില്ല.
അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചത് അനീതിയാണ്. പുതിയകക്ഷികള് ഒരു മുന്നണിയിലേയ്ക്കു വരുമ്പോള്‍ പഴയ കക്ഷികള്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പറയുന്നപോലെതന്നെ വരുന്ന പുതിയ കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടതാണ്.
മറ്റൊരു കക്ഷിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുന്നതില്‍ എന്തു ധാര്‍മികതയാണുള്ളതെന്നും മാണി സി. കാപ്പന് ചോദിച്ചു.