കോട്ടയം: രാഷ്്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഒരു വോട്ട് എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു ലഭിച്ചതിനെ ചൊല്ലി വിവാദം ഉയർന്നതിനിടയിൽ ആ വോട്ട് തന്റേതല്ലെന്ന് തുറന്നു പറഞ്ഞ് മാണി സി. കാപ്പൻ.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ താൻ യുഡിഎഫ് നയത്തിന്റെ ഭാഗമായി തന്നെയാണ് വോട്ടു ചെയ്തത്. ചതിയും വഞ്ചനയും തന്റെ നിലപാടല്ല.
ദ്രൗപദി മുർമുവിന് വോട്ടു ചെയ്തെങ്കിൽ അത് തുറന്നു പറയാനുള്ള ആർജ്ജവം തനിക്കുണ്ടെന്നും മാണി സി. കാപ്പൻ രാഷ്്ട്രദീപികയോടു പറഞ്ഞു.
എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് മാണി സി. കാപ്പനാണെന്ന വിധത്തിൽ സോഷ്യൽ മീഡിയായിലും ഓണ്ലൈൻ മാധ്യമങ്ങളിലും വാർത്ത വന്നതിനു പിന്നലെയാണ് മാണി സി. കാപ്പന്റെ പ്രതികരണം.
കേരള കോണ്ഗ്രസ് എമ്മിലെ ഒരു എംഎൽഎയാണ് എൻഡിഎ സ്ഥാനാർഥിക്ക് വോട്ടു ചെയ്തതെന്ന രീതിയിൽ വ്യാപക പ്രചാരം സോഷ്യൽ മീഡിയായിൽ വന്നിരുന്നു.
ഇതിനെ പ്രതിരോധിക്കാനാണ് തന്റെ പേര് വലിച്ചിഴച്ചതെന്നും വ്യാജ പ്രചാരണങ്ങളിലൂടെ തളർത്താമെന്ന വ്യാമോഹമാണ് ഇത്തരം നടപടികൾക്കു പിന്നിലുള്ളതെന്നും കാപ്പൻ പറഞ്ഞു.
തന്നെ പാലാക്കാർക്ക് അറിയാമെന്നും അവർ തന്നിലർപ്പിച്ച വിശ്വാസത്തിന് ഒരിക്കലും കോട്ടം വരുത്തില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള കോണ്ഗ്രസ് ചിന്തൻ ശിബിരത്തിലെ അഭിപ്രായം കോണ്ഗ്രസ് പാർട്ടിയുടേതാണെന്നും മാണി സി കാപ്പൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റിനു കോണ്ഗ്രസ് പാർട്ടിയുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യം യു ഡി എഫിൽ ചർച്ചയ്ക്കു വന്നിട്ടില്ല. യുഡിഎഫിൽ ചർച്ച വന്നാൽ അപ്പോൾ തന്റെ അഭിപ്രായം പറയും.
യുഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്താൻ താൻ ഒപ്പമുണ്ടാവും. യുഡിഎഫിന്റെ നയത്തിനൊപ്പമാണ് താൻ. വായിൽ നാക്കുള്ള ആളുകൾക്കു എന്തും പറയാമല്ലോ എന്നും മാണി സി കാപ്പൻ പ്രതികരിച്ചു.