കോടിക്കണക്കിന് ആളുകള്‍ ഏറ്റുപാടിയ ഒരു അഡാര്‍ ലൗവി’ലെ ‘മാണിക്യ മലര്‍’ എന്ന ഗാനം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയതായി സംവിധായകന്‍ ഒമര്‍ ലുലു. ഇത്രയും പ്രശ്‌നങ്ങള്‍ ആ ഗാനത്തിന് പിറകെ വരുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും ആ പാട്ടുകാരണം കുറെ ടെന്‍ഷന്‍ ഉണ്ടായിട്ടുണ്ടെന്നും ഒമര്‍ പറഞ്ഞു. ജീവിതത്തില്‍ നടക്കേണ്ടിയിരുന്നില്ല എന്നു തോന്നിയ കാര്യത്തെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി.
സംഗീതം എല്ലാവര്‍ക്കും ഇഷ്ടമാണ്. നല്ലപാട്ടുകള്‍ കേള്‍ക്കുന്നതും ഇഷ്ടമാണ്. അത് ഒരു പ്രത്യേക ഗായകന്‍ എന്നില്ല. സോഷ്യല്‍ മീഡിയയില്‍ നല്‍കിയ ലൈവിലെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. മാണിക്യ മലര്‍ എന്ന ഗാനം സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അനവധി വിവാദങ്ങളാണ് ഉണ്ടായത്. ഗാനം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയത് പ്രശ്‌നങ്ങള്‍ വഷളാക്കിയിരുന്നു.
അതേസമയം, ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഗാനം സിനിമയില്‍ നിന്നും പിന്‍വലിക്കുകയില്ലെന്നുമായിരുന്നു ഒമര്‍ ലുലുവിന്റെ നിലപാട്. പഴയ മാപ്പിളപ്പാട്ടാണ് മാണിക്യമലര്‍. ഈ ഗാനം പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുകയായിരുന്നു ഒമര്‍ ലുലു. പാട്ടിലെ പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ ആഗോളതലത്തില്‍ ചര്‍ച്ചയായി. യുട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാളം ഗാനം എന്ന ബഹുമതിയും മാണിക്യ മലരിന് ലഭിച്ചിരുന്നു.