ജോണ്സണ് വേങ്ങത്തടം
കൊച്ചി: യുഡിഎഫിലേക്കു ചെക്കേറിയ മാണി സി. കാപ്പനെ അയോഗ്യനാക്കാനുള്ള മന്ത്രി എ.കെ. ശശീന്ദ്രന്റെ നീക്കത്തിനു തിരിച്ചടി.
അഖിലേന്ത്യാ നേതൃത്വത്തിന്റെ നീക്കമാണ് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍നിന്നു കാപ്പനെ രക്ഷിക്കുന്നത്.
മറ്റൊരു പാർട്ടി രൂപീകരിക്കുന്നതിനു മുമ്പുതന്നെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കാപ്പനെ എൻസിപി അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവാര്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയായിരുന്നു.
ഇതു കാപ്പനു നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനി എംഎൽഎ സ്ഥാനം രാജിവയ്ക്കാതെതന്നെ പുതിയ പാര്‍ട്ടി രൂപീകരിച്ചു മുന്നോട്ടുപോകാം.
പുറത്താക്കിയതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം കാപ്പനെ അയോഗ്യനാക്കാനാവില്ല.
എൻസിപിയിലെ രണ്ട് എംഎല്‍എമാരില്‍ ഒരാള്‍ കാപ്പനാണ്. മറ്റൊരാള്‍ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുന്ന ശശീന്ദ്രനാണ്.
പുതിയ പാര്‍ട്ടി രൂപീകരണത്തിനുള്ള നീക്കം കാപ്പന്ക്യാമ്പ് സജീവമാക്കിയിട്ടുണ്ട്.
എന്‍സിപി കേരള എന്ന പേരുള്‍പ്പെടെ മൂന്നോളം പേരുകള്‍ പരിഗണനയിലാണ്. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്കുന്നരീതിയില് നയം രൂപീകരിക്കാനാണ് തീരുമാനം.
ബാബു കാര്ത്തികേയന്, സലിം പി. മാത്യു, എം ആലിക്കോയ, പി. ഗോപിനാഥ്, സുള്‍ഫീക്കര്‍ മയൂരി, ബാബു തോമസ്, കടകംപിള്ളി സുകു, പ്രദീപ് പാറപ്പുറം, സാജു എം. ഫിലിപ്പ് എന്നിവര്‍ ഉൾപ്പെട്ട ഉന്നതാധികാരസമിതി പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ടു യോഗം ചേര്‍ന്നിരുന്നു.
അതിനിടെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു ടി.പി. പീതാംബരന് മാസ്റ്ററെ മാറ്റാനുള്ള നീക്കങ്ങള്‍ ശശീന്ദ്രന് വിഭാഗം ആരംഭിച്ചു.
കാപ്പനോടു കൂറു പുലര്‍ത്തുന്ന വ്യക്തിയെ സംസ്ഥാന അധ്യക്ഷനാക്കുന്നതിനെ ശശീന്ദ്രന് വിഭാഗം എതിര്‍ക്കുകയാണ്.
കഴിഞ്ഞദിവസം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന വികസനയാത്രയില്‍ പീതാംബരന് മാസ്റ്റര്‍ കാപ്പന് അനുകൂലമായി പ്രസംഗിച്ചതു നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തുമ്പോഴും കാപ്പനോടുള്ള ചായവ് പരസ്യമായി വെളിപ്പെടുത്തിയത് എല്‍ഡിഎഫിനും അനിഷ്ടമുണ്ടാക്കി.
സംസ്ഥാനകമ്മിറ്റിയില്‍ പീതാംബരനെ അനുകൂലിച്ചിരുന്നവര്‍ യുഡിഎഫിലേക്കുപോയ സാഹചര്യത്തില്‍ പുതിയ നേതൃത്വം പാര്‍ട്ടിക്കുണ്ടാവണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
22ന് കൊച്ചിയില്‍നടക്കുന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ ഈ ആവശ്യം ശശീന്ദ്രൻ വിഭാഗം ഉന്നയിക്കും.
നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിനേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ വേണമെന്നാണ് ആവശ്യം. ഇടതുനേതൃത്വത്തിന് സ്വീകാര്യനായയാള് വേണമെന്ന പ്രചാരണവുമുണ്ട്.
പാര്‍ട്ടിക്കു കിട്ടിയിട്ടുള്ള കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പറേഷന് ചെയര്മാന് സ്ഥാനത്തുനിന്ന് മുന്നണിവിട്ട സുല്‍ഫിക്കര്‍ മയൂരിക്കു പകരവും കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡിലേക്കും പുതിയ ആളെ നിയമിക്കാനും നീക്കം നടക്കുന്നു.