കോട്ടയം: ഉമ്മൻ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിപോലെ പ്രസ്റ്റീജ് മത്സരത്തിനു ജില്ലയിൽ വേദിയാകുകയാണു പാലാ. എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയും നേരിടാൻ മാണി സി. കാപ്പനും ഗോദയിലെത്തിയാൽ മത്സരത്തിനു പെരുമയേറും.
കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകുമോ അതോ യുഡിഎഫ് പിൻതുണയിൽ എത്തുമോ എന്ന് ഇന്നോ നാളെയോ അറിയാം.
എൻസിപിയിൽ ഒരു വിഭാഗവുമായോ അതോ പാർട്ടിവിട്ടോ എത്തുന്ന സാഹചര്യമാണു കാത്തിരുന്നു കാണേണ്ടത്. ഇരു സ്ഥാനാർഥികളും മുന്നണിമാറി ആദ്യമായി മത്സരിക്കുന്നു എന്നതും പുതുമ.
പാലാ നഗരസഭയും ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം, എലിക്കുളം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പാലാ നിയോജകമണ്ഡലം.
1965ൽ പാലാ മണ്ഡലം നിലവിൽ വന്നതിനുശേഷം തോൽവിയറിയാത്ത കെ.എം. മാണിക്കുശേഷം തുടർച്ചയായ നാലാം അങ്കത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെയാണു മാണി സി. കാപ്പൻ നിയമസഭയിലെത്തിയത്. കെ.എം. മാണിക്കു 2006ൽ 7759, 2011ൽ 5259, 2016ൽ 4709 വോട്ടുകളുടെ മുൻതൂക്കമാണു കാപ്പനെക്കാൾ ഉണ്ടായിരുന്നത്.
2019 ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ് എമ്മിലെ ജോസ് ടോമിനെ കാപ്പൻ 2,943 വോട്ടുകൾക്കു പരാജയപ്പെടുത്തി. 2016ൽ ബിജെപിയിലെ എൻ. ഹരി 24821 വോട്ടുകളും 2019ൽ 18,044 വോട്ടുകളും നേടി. 1.80 ലക്ഷം വോട്ടർമാരാണു മണ്ഡലത്തിലുള്ളത്.