ആറ്റിങ്ങൽ: ചാത്തമ്പറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കം മാറാതെ നാട്ടുകാർ.
മണിക്കുട്ടൻ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർ കൂട്ട ആത്മഹത്യ ചെയ്തെന്ന വാർത്ത നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന വാദവും സുഹൃത്തുക്കളും പ്രദേശവാസികളും തള്ളിക്കളയുന്നു.
ചാത്തമ്പറയിൽ തട്ടുകട ഉടമ മണിക്കുട്ടൻ, ഭാര്യ സന്ധ്യ, കുഞ്ഞമ്മ ദേവകി, മക്കൾ അജീഷ്, അമേയ എന്നിവരുടെ കൂട്ട മരണത്തിന്റെ കാരണമാണ് പോലീസിനെ കുഴപ്പിച്ചിരിക്കുന്നത്.
സാമ്പത്തിക കാരണങ്ങളാൽ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തമിഴ്നാട്ടിൽ തോട്ടം പാട്ടത്തിന് എടുത്ത സംഭവത്തിൽ മണികുട്ടന് നഷ്ടം ഉണ്ടായിരുന്നു. ഇതിൽ അഞ്ചു ലക്ഷം രൂപയുടെ ബാധ്യത വന്നതായാണ് വിവരം.
കോവിഡ് കാലത്ത് തട്ടുകട അടച്ചിട്ട സമയത്ത് അത്തരത്തിലും സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നു.
എന്നാല് കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ കട സജീവമാവുകയും നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ തിരക്കുള്ള അവസ്ഥയിൽ എത്തുകയും ചെയ്തു.
ഇതിനിടയിൽ കഴിഞ്ഞ ചൊവ്വാഴ്ച ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ കട പരിശോധിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.
പിഴ ചുമത്തിയത് ആണ് ആത്മഹത്യക്ക് കാരണം എന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.
അതേസമയം, ഈ പിഴ തുക മണിക്കുട്ടൻ വ്യാഴാഴ്ച ഒടുക്കി. ഇതിനു ശേഷം ശനിയാഴ്ച കട തുറക്കുവാൻ തീരുമാനിക്കുകയും ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.
ഇതിന് അനുസരിച്ച് ആണ് കടയിലെ തൊഴിലാളി ഷംനാദ് പുലർച്ചെ വീട്ടിൽ എത്തുന്നതും. അപ്പോൽ വീടിന് മുന്നിലെ വരാന്തയിൽ ഹോട്ടലിലേക്ക് ആവശ്യമുള്ള ഇരുപത് കിലോയോളം സവാള തൊലി കളഞ്ഞു വെച്ചിരുന്നു.
മണിക്കുട്ടന് വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായത് കോവിഡ് കാലത്ത് ആയിരുന്നു. ഇപ്പോൾ മണിക്കുട്ടനും കുടുംബത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉള്ളതായി അറിവില്ലെന്നു നാട്ടുകാർ പറയുന്നു.
കൂടാതെ ആത്മഹത്യയാണുന്നു വ്യക്തമാക്കുന്ന കുറിപ്പോ മറ്റ് സൂചനകളോ ഒന്നും കണ്ടെത്തിയിട്ടുമില്ല.
ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് വസ്തുനിഷ്ടമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകുന്നേരം നാലോടെയാണ് മൃതദേഹങ്ങൾ വിട്ടു നൽകിയത്. തുടർന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹങ്ങൾ ചാത്തമ്പറയിൽ പൊതു ദർശനത്തിനു വച്ചു.
ഒ.എസ്. അംബിക എംഎൽഎ, മുൻ എംഎൽഎ ബി. സത്യൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ തുടങ്ങിവർ അന്ത്യാഞ്ജലി അർപ്പിച്ചു.