അഞ്ചൽ: അഞ്ചലില്‍ മോഷണകുറ്റം ആരോപിച്ചു ബംഗാള്‍ സ്വദേശിയെ മര്‍ദിച്ചു കൊന്ന സംഭവത്തിൽ കൊല്ലപ്പെട്ട മണിക് റോയിയുടെ മരണ മൊഴി പുറത്ത്. തന്നെ നാലുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ മണിക് അന്ന് വ്യക്തമാക്കിയിരുന്നു. അഞ്ചലില്‍ നിന്നും വരവേ ആദ്യം ഒരാള്‍ തടഞ്ഞു നിര്‍ത്തി, പിന്നീട് ബൈക്കില്‍ രണ്ടുപേരും, പിന്നീട് മറ്റൊരാളും എത്തി എന്നും ഇവര്‍ നാലുപേരും തന്നെ മര്‍ദിച്ചുവെന്നും മണിക് റോയ് പോലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ അഞ്ചല്‍ പോലീസ് രണ്ടുപേരില്‍ മാത്രമായി അന്വേഷണം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. മരണ മൊഴിയില്‍ തന്നെ നാലുപേര്‍ തന്നെ മര്‍ദിച്ചുവെന്ന് മണിക് പറയുമ്പോഴും അഞ്ചല്‍ പോലീസ് രണ്ടുപേരില്‍ മാത്രം കേസ് എടുത്തു ചിലരെ സംരക്ഷിക്കാനുള്ള ശ്രമം ആണ് നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യൂത്ത്കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഉള്‍പ്പെട്ട കേസില്‍ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം, ഡിവൈഎഫ്ഐ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്തിയില്ലങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് ദുഃഖിക്കേണ്ടിവരുമെന്ന് സിപിഎം നേതാവ് എസ് ജയമോഹന് പറഞ്ഞു. അഭിമാനകരമായി ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് അപമാനകരമായ രീതിയിലാണ് ഈ കേസിലെ അഞ്ചല്‍ പോലീസിന്റെ ഇടപെടീല്‍ എന്നും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം രഞ്ചു സുരേഷ് പറഞ്ഞു.
ബംഗാൾ മാൾഡ സ്വദേശിയായ മണിക് റോയി(50) ആണ് മർദനമേറ്റ് മരിച്ചത്. വിലയ്ക്ക് വാങ്ങികൊണ്ടുപോയ കോഴിയെ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംഘംചേർന്ന് ചിലർ മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശനിലയിലായ ഇയാളെ കഴിഞ്ഞദിവസം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മധ്യേയായിരുന്നു അന്ത്യം.
അന്യസംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യൂത്തുകോൺഗ്രസ് പ്രവർത്തകനായ ആസിഫ്, ശശിധരക്കുറുപ്പ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.