കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മൂന്നാം പ്രതി തമ്മനം സ്വദേശി മണികണ്ഠൻ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആക്രമിച്ച് ദൃശ്യം പകർത്തുന്പോൾ വാഹനമോടിച്ചിരുന്നത് മണികണ്ഠനായിരുന്നു. വളരെ മുന്പ് തന്നെ കുറ്റപത്രം നൽകിയ കേസിൽ കസ്റ്റഡിയിൽ തുടരുന്നത് നീതി നിഷേധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പ്രതിയെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ ഉടൻ തുടങ്ങുമെന്നും ഇതിനായി സെഷൻസ് കോടതിക്ക് ഫയൽ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതു കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.