കൊല്ലങ്കോട്: നെന്മേനിക്കു സമീപം നാലു മക്കൾ ഉൾപ്പെടെ ആറംഗ കുടുംബം ഉപജീവനത്തിനും തുടർപഠനത്തിനും സൗകര്യമില്ലാതെ ജീവിതം തള്ളിനീക്കുന്നത് തീരാദുരിതത്തിൽ.
ഇടച്ചിറ മണികണ്ഠൻ-ശ്രീജ ദന്പതിമാരാണ് അന്തിയുറങ്ങാൻ സുരക്ഷിതമായ കുടിൽ പോലും ഇല്ലാതെ പരാധീനതയിൽ കഴിയുന്നത്. ശ്രീഷ് (9), ശ്രീജിത (7), ശ്രീരാഗ് (5), ശ്രീനന്ദ (3) എന്നീ നാലു മക്കളുമുണ്ട്.
കോവിഡ് ആരംഭിച്ചതോടെ സ്മാർട്ട് ഫോണ് ഇല്ലാത്തതിനാൽ കുട്ടികളുടെ ഓണ്ലൈൻ പഠനവും അവതാളത്തിലായിരിക്കുകയാണ്.
തേയ്ക്കാത്ത ചുമരുകളുള്ള ചെറിയകുടിലിനു മഴക്കാലത്ത് വീടിനകത്തു വെള്ളം ചോരുന്നതു കണ്ട് മനസലിഞ്ഞ ഒരു പരോപകാരി മേൽക്കൂരയിൽ ഓടിട്ടു നൽകി. വീട്ടിൽ വൈദ്യുതി പോലുമില്ലാത്തതിൽ കുട്ടികളുടെ രാത്രികാല പഠനവും വഴിമുട്ടി നിൽക്കുകയാണ്.
പകൽ സമയത്ത് അംഗൻവാടിയിൽ പഠനത്തിന് പോവാറുണ്ടെങ്കിലും കുടുതൽ കുട്ടികൾ ഉള്ളതിനാൽ മതിയായ രീതിയിൽ ശ്രദ്ധിക്കാൻ കഴിയുന്നുമില്ല.
പൊള്ളാച്ചിയിൽ ബേക്കറി തൊഴിലാളിയായിരുന്ന മണികണ്ഠൻ അജ്ഞാതരോഗം ബാധിച്ച് കാഴ്ച കുറഞ്ഞു തുടങ്ങിയതോടെ ഉപജീവന മാർഗ്ഗവും വഴിമുട്ടിയതിനാൽ ആറംഗ കുടുംബ ദുരിതത്തിലകപ്പെട്ടത്.
കൊല്ലങ്കോട്ടിൽ നിന്നും കാഴ്ചക്കുറവ് കാരണം ബസിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യവുമാണ്ടായതാണ് ബേക്കറി പണി അവസാനിപ്പിക്കാൻ കാരണമായത്.
പിന്നീട് കുറച്ചു ദിവസം സുഹൃത്തുക്കൾ ചിലരുടെ സഹായത്തോടെ കൃഷിപ്പണിക്കും പോയിരുന്നതും ഘട്ടം ഘട്ടമായി നിലച്ചു . ഇപ്പോൾ മണികണ്ഠന്റെ ഭാര്യ ശ്രീജ കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഉപജീവനം.
ഒരു പഴയ മൊബൈലിയാണ് മുന്നു കുട്ടികളും പഠിക്കുന്നത്.ഈ നില തുടർന്നാൽ മക്കൾ പഠന സൗകര്യമില്ലാതെ ഭാവിയിൽ ബുദ്ധിമുട്ടേണ്ടതായി വരുമെന്നതാണ് മണികണ്ഠൻ ശ്രീജ ദന്പതിമാരുടെ ആശങ്ക.
ഉദാരമതികളുടെ കാരുണ്യത്തിനു വേണ്ടി കാതോർക്കുകയാണ് ആറംഗ കുടുംബം. ഫോണ്: 9188166557.