‘കൊല്ലങ്കോട് : നെന്മേനി ഇടച്ചിറയിൽ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നാലു മക്കളുമായി വർഷങ്ങളോളം കഴിച്ചുകൂട്ടിയ മണികണ്ഠന്റെ വിട്ടിൽ വൈദ്യുതി വിളക്കിന്റെ പ്രഭയിൽ സന്തോഷ ലഹരിയിലാണ്.
കൊല്ലങ്കോട് പികെഡിയുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന അംഗങ്ങളാണ് മണികണ്ഠൻ- ശ്രീജ ദന്പതിമാരുടെ കുടുംബത്തിന് ശുഭപ്രതീക്ഷ നൽകി മിന്നൽവേഗത്തിൽ വയറിംഗ് ജോലികൾ നടത്തിയത്.
കൊല്ലങ്കോട് വൈദ്യുതി സെക്ഷൻ ഓഫിസ് അധികൃതർ കണക്ഷനും നൽകി. കാഴ്ച കുറവു മൂലം പണിയെടുക്കാനാവാതെ സുരക്ഷിതമില്ലാത്ത കുടിലിൽ നാലു മക്കൾ ഉൾപ്പെടെ ദുരിതത്തിൽ കഴിയുന്ന വാർത്ത രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പികെഡിയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂടിയായ സത്യപാലൻ, ബാലസുബ്രഹ്മണ്യൻ, ബാബു, ഗീത, സതീഷ്, അധ്യാപിക റംലത്ത് ഉൾപ്പെടെയുള്ള സംഘം ഇന്നലെ മണികണ്ഠന്റെ വീട്ടിലെത്തിയത്.
നാലു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വീട്ടിൽ കഴിച്ചുകൂട്ടുന്ന ദുരിതം അറിഞ്ഞ ഉടൻ വയറിംഗ് തൊഴിലാളികളെത്തി ജോലി പൂർത്തിയാക്കി. ഉടൻ തന്നെ അധികൃതർ കണക്ഷനും നൽകി.
കാഴ്ചക്കുറവ് മൂലം ജോലി നഷ്ടപ്പെട്ട മണികണ്ഠന്റെ സാന്പത്തിക പ്രശ്നം മനസിലാക്കി പുർവ്വ വിദ്യാർത്ഥികൾ ഒരു മാസത്തേക്ക് ആവശ്യമായ ധാന്യം, പച്ചക്കറി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകി.
മണികണ്ഠന്റെ മക്കളായ ഒൻപതു വയസിനു താഴെയുള്ള ശ്രീഷ്മ, ശ്രീജ, ശ്രീനന്ദ, ശ്രീരാഗ് എന്നിവരും രാത്രികാല പഠനത്തിനു വൈദ്യുതി എത്തിയതിൽ അതീവ സന്തുഷ്ടരാണ്.
മണികണ്ഠന്റെ മൊബൈൽ നന്പറിൽ വിളിച്ച് പലരും അന്വേഷിക്കുന്നുണ്ട്. പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വ്യക്തി ഓണ്ലൈൻ പഠനത്തിനായി ഒരു സ്മാർട്ട് ഫോണ് ഉടൻ എത്തിക്കാമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.
കാഴ്ച കുറഞ്ഞ മണികണ്ഠന്റെ ആറംഗ കുടുംബം വരുമാനമില്ലാതെ കഷ്ടപ്പാടിൽ; ഫോൺ ഇല്ലാതെ കുട്ടികളുടെ പഠനവും മുടങ്ങുന്നു