ചെറുതോണി: മൂകനായ മണി ഒരു ദിവസം വന്നില്ലെങ്കിൽ അന്നു കഞ്ഞിക്കുഴി ടൗൺ മൂകമായിപ്പോകും. കാരണം കഞ്ഞിക്കുഴിയുടെ സംഗീത മനസാണ് മണി.
കഞ്ഞിക്കുഴിയുടെ ഉണർവും ഉത്സാഹവുമാണ് മണി. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെ സദാനേരവും മണിയുടെ യുഎസ്ബി റേഡിയോ സ്പീക്കറിലൂടെ സംഗീതം മുഴങ്ങിക്കൊണ്ടിരിക്കും.
മണികിലുക്കി മണി എന്നു പറഞ്ഞാൽ ഈ ടൗണിൽ അറിയാത്തവരില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് കഞ്ഞിക്കുഴി ടൗണിലെത്തിപ്പെട്ടതാണ് മൂകനും നടക്കാൻ ബുദ്ധിമുട്ടുമുള്ള മണി.
നാടോടിയെപ്പോലെ ഇവിടെയെത്തിയ മണി പിന്നീട് ഈ നാടുവിട്ടുപോകാതെ ഇവിടെ കൂടി.
കഞ്ഞിക്കുഴിയിലെ കടത്തിണ്ണകളിലും മരച്ചുവടുകളിലും മറ്റുമിരുന്നു യുഎസ്ബി റേഡിയോ സ്പീക്കർ വഴി ടൗണിനെ സംഗീതസാന്ദ്രമാക്കുന്ന മണി ടൗണിലെത്തുന്നവർക്കും കച്ചവടക്കാർക്കും ടാക്സി തൊഴിലാളികൾക്കുമെല്ലാം പ്രിയങ്കരൻ.
സുമനസുകൾ നൽകുന്ന ഭക്ഷണവും ആളുകൾ നൽകുന്ന ചെറിയ സഹായങ്ങൾക്കൊണ്ടുമാണ് ജീവിതം തള്ളിനീക്കുന്നത്.
നാട്ടുകാർ നൽകുന്ന പണം മുഴുവനും പാട്ടുകൾ ശേഖരിക്കാനാണ് മണി ചെലവഴിക്കുന്നത്.
പുതിയതും പഴയതുമായ ആയിരക്കണക്കിനു പാട്ടുകളുടെ ശേഖരം ഇദ്ദേഹത്തിനുണ്ട്. നൂറുകണക്കിനു പെൻഡ്രൈവുകളും മണിയുടെ കൈയിലുണ്ട്.
ആദ്യകാലങ്ങളിൽ ടേപ്പ് റിക്കാർഡർ വഴിയായിരുന്നു സംഗീതസദ്യ. കാലം മാറിയപ്പോൾ മണിയും മാറി. കട്ടപ്പനയ്ക്കടുത്തു അയ്യപ്പൻകോവിലോ മറ്റോ ആണ് ജന്മദേശം എന്നാണ് മണി നൽകുന്ന സൂചന.
മുഴങ്ങുന്ന മണി കൊളുത്തിയിട്ടിരിക്കുന്ന വടി കുത്തി നടക്കുന്നതുകൊണ്ടാണ് ഇദ്ദേഹത്തിനു മണികിലുക്കി മണി എന്ന പേരുവീണത്.
തെരുവിലെ തിരക്കുകൾക്കും ശബ്ദ കോലാഹലങ്ങൾക്കുമൊന്നും മണിയുടെ പാട്ടുകളെ തോല്പിക്കാനായിട്ടില്ല.