കാലടി: കാലടി പഞ്ചായത്തിലെ മാണിക്യമംഗലത്ത് ചിറയോട് ചേർന്ന് തണ്ണീർത്തട നിയമം ലംഘിച്ച് കെട്ടിടം പണിയാൻ നീക്കം. പഞ്ചായത്ത് വക ആയുർവേദ ഡിസ്പെൻസറി നിർമിക്കാനായി ഇവിടെ തറക്കല്ലിടൽ വരെ നടത്തിയപ്പോഴാണ് പ്രദേശവാസികൾ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞത്.
ഒരു പ്രദേശത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള സ്രോതസാണ് ഏഴേക്കറോളം വിസ്തീർണത്തിൽ കിടക്കുന്ന മാണിക്യമംഗലം ചിറ. രണ്ട് വർഷമായി ഈ ചിറയിൽ കാർണിവെല്ലും സംഘടിപ്പിച്ചിരുന്നു. ഈ ചിറയിൽ ഒരു ഭാഗത്ത് അനധികൃതമായി മണ്ണിട്ടാണ് ഇപ്പോൾ ഡിസ്പെൻസറിക്ക് കെട്ടിടം പണിയുന്നതിനായി സഥലം കണ്ടെത്തിയിട്ടുള്ളത്.
പഞ്ചായത്തിൽ തന്നെ റോഡിനോട് ചേർന്ന് സൗകര്യപ്രദമായ നിരവധി സ്ഥലങ്ങൾ ഉള്ളപ്പോഴാണ് ചിറയോട് ചേർന്ന് മണ്ണിട്ട് നികത്തി നിർമാണം ആരംഭിച്ചതെന്നും തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരസ്യമായ ലംഘനമാണ് നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള ആദ്യ ഗഡുവായ 20 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തിയാണ് ആരംഭിച്ചത്.
ഈ കെട്ടിടം നിർമിക്കുന്നതോടെ ചിറയുടെ ഉൾഭാഗത്തുള്ള ചെറുകിട ജലസേചന പദ്ധതിയുടെ പന്പ്ഹൗസിലേക്കുള്ള റോഡ് അടഞ്ഞുപോകും. വർഷങ്ങൾക്ക് മുൻപ് തുറ വികസന പദ്ധതി നടപ്പാക്കിയപ്പോൾ ചിറക്കു ചുറ്റും കരിങ്കല്ല് കൊണ്ട് സംരക്ഷണ ഭിത്തിയും കെട്ടിയിരുന്നു. നിർമാണം പ്രദേശവാസികൾ തടഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ കാലടി പഞ്ചായത്തിൽ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.