എറണാകുളത്തെ വീട്ടിൽനിന്ന് കാഞ്ഞിരപ്പള്ളിയിലെ അമ്മവീട്ടിൽ എത്തിയതായിരുന്നു ആറുവയസുകാരി മണിക്കുട്ടി. അപ്പോഴാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്.
വീട്ടിൽ ഇരുന്നു വെറുതെ ഫോണും ടീവിയും നോക്കി സമയം കളയണ്ട എന്ന് തീരുമാനിച്ച മണിക്കുട്ടി അമ്മാവൻ നിതിന്റെ സഹായത്തോടെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. “Manikuttys World‘ എന്ന് പേരുമിട്ടു.
ഓരോ ദിവസവും കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയചെറിയ കാര്യങ്ങളാണ് ലോക്ക്ഡൗൺ ചലഞ്ചിലൂടെ ഈ കൊച്ചുമിടുക്കി ചാനലിൽ പങ്കുവയ്ക്കുന്നത്.
കഥയും പാട്ടും പാചകവും പടം വരയും തുടങ്ങി മൈക്രോ ഗ്രീൻ കൃഷി വരെയുള്ള വേറിട്ട 17 കാര്യങ്ങളാണ് ചലഞ്ചായി മണിക്കുട്ടി ഇതുവരെ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് കാലത്ത് വീട്ടിൽ സുരക്ഷിതരായിരിക്കാനുള്ള ബോധവത്കരണവും വീഡിയോകളിൽ മണിക്കുട്ടി നടത്താറുണ്ട്.
ആദ്യവാരംതന്നെ ആയിരം സബ്സ്ക്രൈബേഴ്സ് തികഞ്ഞ ചാനലിൽ ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് വീഡിയോകൾ കാണാനെത്തുന്നത്.
ആലുവ എൻഎഡിയിൽ താമസിക്കുന്ന ജിന്റോ മാത്യുവിന്റെയും നീതു റോസിന്റെയും മകളാണ് “മണിക്കുട്ടി’ എന്ന അനോറ തെരേസ് ജിന്റോ. കാക്കനാട് നൈപുണ്യ സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. സഹോദരങ്ങൾ അലോന, ആദം.
മൊബൈൽ ഫോണിൽ ധാരാളം യൂട്യൂബ് വിഡിയോകൾ കണ്ടതാണ് സ്വന്തം ചാനൽ എന്ന ആശയത്തിലേക്ക് മണിക്കുട്ടിയെ നയിച്ചത്. സ്വന്തം ചാനൽ തുടങ്ങിയതോടെ വീഡിയോ കാണുന്ന സമയം കുറയുകയും മണിക്കുട്ടി കൂടുതൽ ക്രിയേറ്റീവ് ആയെന്നുമാണ് അമ്മ നീതുവിന്റെ സാക്ഷ്യം.
വീഡിയോ ആശയവും പരിശീലനവും നിതു ചെയ്യുമ്പോൾ കാമറയും എഡിറ്റിംഗും ജിന്റോയാണ് ചെയ്യുന്നത്. കൊച്ചുമകൾക്ക് പിന്തുണയുമായി ജോസഫും ആൻസമ്മയും കൂടെയുണ്ട്.