കടുത്തുരുത്തി: ഒറ്റ പ്രസവത്തില്‍ ഒരുപോലെയുള്ള നാല് കുട്ടികളുമായി മണിക്കുട്ടി ആട്. കാപ്പുന്തല ഇട്ടംപറമ്പില്‍ ഇ.പി. ഷാജിയുടെ ആടാണ് നാല് ആട്ടിന്‍കുട്ടികള്‍ക്ക് ഒരു പ്രസവത്തില്‍ ജന്മം നല്‍കിയത്. നിറത്തിലും വലിപ്പത്തിലുമെല്ലാം നാല് ആട്ടിന്കുട്ടികളും ഒരുപോലെയാണ്. ആട്ടിന്കുട്ടികളുടെ ശരീരം മുഴുവന്‍ ചാരകളറാണ്. കാലില്‍ കറുപ്പും നെറ്റിയില്‍ വെളുപ്പുമെല്ലാം നാല് കുഞ്ഞുങ്ങള്‍ക്കും ഒരേ പോലെ.
ഒരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളുമാണ് മണിക്കുട്ടിക്ക് ഉണ്ടായത്. മണിക്കുട്ടിയുടെ അഞ്ചാമത്തെ പ്രസവമാണ് കൗതുകമായത്. കന്നി പ്രസവത്തിലും രണ്ടാം പ്രസവത്തിലും ഈ രണ്ടു കുട്ടികള്‍ക്ക് ജന്മം നല്കിയ മണിക്കുട്ടി, മൂന്നാമത്തെയും നാലാമത്തെയും തവണ മൂന്ന് കുട്ടികള്‍ക്കു വീതം ജന്മം നല്‍കിയിരുന്നു. നാല് കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.
നാല് മക്കളില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്കു മാത്രമെ മണിക്കുട്ടി പാല് നല്‍കുകയുള്ളു. മറ്റു രണ്ടു കുഞ്ഞുങ്ങള്‍ കുടിക്കാനെത്തിയാല്‍ മണിക്കുട്ടി ചാടി മാറുകയും കുഞ്ഞുങ്ങളെ ഇടിച്ച് ഓടിക്കുകയും ചെയ്യുന്നതിനാല്‍ അവ രണ്ടിനെയും കറന്നെടുത്ത പാല് കുപ്പിയിലാക്കി വീട്ടുകാര്‍തന്നെ കുടിപ്പിക്കുകയാണ്. നാല് ആട്ടിന്കുട്ടികളുള്ളതിനാല് വീട്ടാവിശ്യത്തിന് ആടിന്റെ പാല് ലഭിക്കില്ലെന്നു ഷാജിയുടെ അമ്മ ഏലിയാമ്മയും ഭാര്യ റിനിയും പറയുന്നു. മണിക്കുട്ടിയെയും കുഞ്ഞുങ്ങളെയും കാണാന്‍ ഷാജിയുടെ വീട്ടില്‍ കാഴ്ച്ചക്കാര്‍ വര്‍ധിക്കുകയാണ്.