മണിമല: നടുറോഡിൽ കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു അഴിഞ്ഞാടിയ സംഘത്തലവനു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11നു മണിമല കോത്തലപ്പടിയിലായിരുന്നു സംഭവം.
സുഹൃത്തായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആരോ കളിയാക്കിയതിനു പ്രതികാരം ചെയ്യാൻ വേണ്ടിയാണ് ആറംഗ സംഘം ഇവിടെ എത്തിയത്. തുടർന്നു സംഘം നടുറോഡിൽ കത്തികാട്ടി ഭീഷണി മുഴക്കിയശേഷം അഴിഞ്ഞാടുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ കറുകച്ചാൽ, മണിമല പോലീസ് അഞ്ചു പേരെ പിടികൂടി. പെണ്‍കുട്ടിയുടെ സുഹൃത്തായ കറുകച്ചാൽ അറുപതിൽ ചിറയിൽ ശ്രീജിത്ത് മോഹൻ (26), കൂത്രപ്പള്ളി ഇഞ്ചക്കുഴിയിൽ ജിനോ സാബു (20), കറുകച്ചാൽ മുതുമരത്തിൽ മെൽബട്ട് (20), നെടുങ്ങാടപ്പള്ളി രണ്ടുപറയിൽ ആൽബിൻ തോമസ് (20), ആൽബിന്റെ സഹോദരൻ അലക്സ് തോമസ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഘത്തലവൻ കങ്ങഴ സ്വദേശി അബിൻ ഒളിവിലാണ് ഇയാൾക്കു വേണ്ടിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മറ്റു പല കേസുകളിലും പ്രതിയായ അബിനു വേണ്ടി മണിമല, കറുകച്ചാൽ പോലീസും ചേർന്നാണ് അന്വേഷിക്കുന്നത്.രണ്ടു ബൈക്കുകളിലായിട്ടാണ് ആറംഗ സംഘം എത്തിയത്.
തുടർന്നു കത്തികാട്ടി ഭീകാന്തരീക്ഷം സൃഷ്്ടിക്കുകയും ഇതിനിടയിൽ അബിൻ കൈയിൽ സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു. കുളത്തുങ്കൽ റോഡിലെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്നു പെണ്‍കുട്ടിയെ സംഘത്തിൽ ഒരാൾ ബൈക്കിൽ കയറ്റി വെള്ളാക്കൽ പാറയിലേക്ക് കൊണ്ടു പോയി.
പിന്നാലെ മറ്റുള്ളവരും ഇവിടേക്കു പോയി. ഈ സമയം നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി വെള്ളാക്കൽ പാറയിൽ നിന്നും പെണ്‍കുട്ടിയെയും സംഘത്തിലുണ്ടായിരുന്ന അഞ്ചു പേരെയും പിടികൂടുകയും ചെയ്തു.
പെണ്‍കുട്ടിയ്ക്കു പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടയ്ക്കുകയായിരുന്നു. പ്രതികളെല്ലാം കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു.