മണിമല: മണിമലയിൽ പോലീസിനെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. മദ്യപിച്ചു നാട്ടുകാരെ ആക്രമിച്ച സഹോദരങ്ങളെ പിടികൂടാൻ എത്തിയ പോലീസിനെ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മണിമല സ്റ്റേഷനിലെ പോലീസുകാർക്കെതിരെ ആക്രമണമുണ്ടായത് മൂന്നു തവണയാണ്.
2020 സെപ്റ്റംബറിൽ പിടിച്ചുപറി കേസിലെ പ്രതിയെ കോടതിയിൽ കൊണ്ടുപോകും വഴി എസ്ഐയെ മർദിച്ചു. പിൻ സീറ്റിലിരുന്ന പ്രതി ഇയാളുടെ കൈയിലണിഞ്ഞിരിക്കുന്ന വിലങ്ങ് കൊണ്ട് എസ്ഐയുടെ തലയ്ക്കടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പിന്നീട് 2021 ജൂണിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടാനെത്തിയ എസ്ഐയെ പ്രതിയുടെ പിതാവ് വെട്ടി പരിക്കേൽപിച്ചു.
കഴിഞ്ഞദിവസം പൊന്തൻപുഴയിൽ മദ്യപിച്ച് നാട്ടുകാരെ ആക്രമിക്കുകയായിരുന്ന പ്രതികളെ പിടികൂടുന്നതിനിടയിൽ സഹോദരങ്ങളായ പ്രതികൾ പോലീസിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതികളിൽ ഒരാൾ ഒളിവിൽ പോയെങ്കിലും ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. പൊന്തൻപുഴ വളകോടി ചതുപ്പ് ഭാഗത്ത് പുല്ലൂർ അജിത്ത് പി. രാജ് (27), സഹോദരൻ അഭിജിത്ത് പി. രാജ് (30) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം പൊന്തൻപുഴ വളകോടി ചതുപ്പ് ഭാഗത്ത് മദ്യപിച്ച് നാട്ടുകാരെ ആക്രമിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുന്നതിനിടയിൽ പ്രതികളിലൊരാളായ അജിത്ത് പോലീസിനെ ആക്രമിക്കുകയായിരുന്നു.
പോലീസിനെ ആക്രമിച്ച അജിത്തിനെ പിടികൂടിയെങ്കിലും സഹോദരനായ അഭിജിത്ത് സംഭവസ്ഥലത്ത് നിന്ന് ഒളിവിൽ പോവുകയും തുടർന്ന് മണിമല പോലീസ് അഭിജിത്തിനെ പിടികൂടുകയുമായിരുന്നു.
മണിമല എസ്എച്ച്ഒ ബി. ഷാജിമോൻ, എഎസ്ഐ ഗോപകുമാർ, സിപിഓമാരായ സാജൂദീൻ, ഷിഹാബ് പി. ജബ്ബാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.