കോട്ടാങ്ങൽ: മല്ലപ്പള്ളി താലൂക്കിന് ആശ്വാസമായിരുന്ന മണിമലയാറും വറ്റിവരണ്ടു. ചെറിയ തോതിൽ വേനൽ മഴ ലഭിച്ചുവെങ്കിലും കടുത്ത ചൂട് തുടരുന്നതിനാൽ വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമാകുകയാണ്.
മണിമലയാറിന്റെ സ്ഥിതിയാണ് ഏറെ ശോചനീയമായത്. നദിയിൽ നീരൊഴുക്ക് നിലച്ചു. പല സ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം മലിനപ്പെട്ടു തുടങ്ങി.
തീരങ്ങളിലെ കിണറുകൾ മിക്കതും വറ്റിവരണ്ടു. മണിമലയാറുമായി ബന്ധപ്പെട്ട ജലവിതരണ പദ്ധതികളുടെ സ്രോതസുകളിലും വെള്ളമില്ല. ഇതോടെ പല പദ്ധതികളുടെയും പന്പിംഗും താറുമാറായി. കോട്ടാങ്ങൽ, മല്ലപ്പള്ളി അടക്കമുള്ള പദ്ധതികളിൽ വെള്ളം ആവശ്യാനുസരണം ലഭ്യമാകുന്നില്ല.
മല്ലപ്പള്ളി പദ്ധതിയുടെ കിണറിനോടു ചേർന്നു തന്നെ വെള്ളം വറ്റി. ജലക്ഷാമം കാരണം പന്പിംഗ് തടസപ്പെടുന്നതായും ചെളിവെള്ളം കയറിവരുന്നതായും പറയുന്നു. ശുദ്ധീകരണശാലകൾ പോലുമില്ലാതെയാണ് പദ്ധതികളേറെയും പ്രവർത്തിക്കുന്നത്.
കൈത്തോടുകളും ചെറിയ ജലാശയങ്ങളും നേരത്തെതന്നെ വറ്റിയതോടെയാണ് മണിമലയാർ ഇടമുറിഞ്ഞു തുടങ്ങിയത്. കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനുമായി കൂട്ടമായി മണിമലയാറിന്റെ കയങ്ങളുള്ള ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്.
താലൂക്കിന്റെ വിദൂര മേഖലകളിൽ നിന്നുപോലും വെള്ളം തേടി മണിമലയാറിന്റെ തീരങ്ങളിലേക്ക് എത്തുന്നവർ ഏറെയാണ്. നദിയുടെ സ്ഥിതി അറിയാതെ ഇത്തരം കയങ്ങളിൽ ഇറങ്ങുന്നത് അപകടകരമാകും.
ആറിന്റെ പല ഭാഗങ്ങളും ആളുകൾ കുഴി കുത്തി വെള്ളം ശേഖരിക്കുന്നുണ്ട്. വീടുകളിൽ പ്രാഥമികാവശ്യങ്ങൾക്കുള്ള വെള്ളം ഇത്തരത്തിലാണ് സമാഹരിക്കുന്നത്.
മണിമലയാറ്റിലേക്ക് മാലിന്യം വലിച്ചെറിയുന്നതും വിഷംകലക്കി മീൻ പിടിക്കുന്നതുമെല്ലാം ഇതിനിടയിലും വ്യാപകമായി നടക്കുന്നുണ്ട്. വെള്ളത്തിനു രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന സമയത്തും നദിജലം മലിനപ്പെടുത്താൻ നടത്തുന്ന നീക്കങ്ങളിൽ വ്യാപക പ്രതിഷേധമുണ്ട്.
തീരങ്ങളിലെ ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നാവശ്യമുയർന്നിട്ടുണ്ട്. പഞ്ചായത്ത് രാജ് നിയമപ്രകാരം ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാനാകും.
മൂന്നുവർഷത്തെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തതിനാൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും പെരുകുകയാണ്.