മണിമല: മണിമലയാറ്റിൽ ദുർഗന്ധപൂരിതവും പച്ചനിറവുമുള്ള വെള്ളമുണ്ടായത് സെപ്റ്റിക് വ്യവസായ മാലിന്യങ്ങളുടെ സാന്നിധ്യം മൂലമാണെന്ന് പഠന ഫലം.ഒന്നര മാസങ്ങൾക്കുമുന്‍പ് കരിന്പുകയം ചെക്കുഡാം മുതൽ താഴേക്കു ചെറുവള്ളി പള്ളിപ്പടി വരെയുള്ള ഏകദേശം അഞ്ചു കിലോമീറ്റർ ദൂരത്താണ് പൊടുന്നനെ ഒരു ദിവസം വെള്ളം മലിനമായത്.
ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് നടത്തിയ പഠനത്തിലാണ് ആറ്റിലെ പച്ചനിറം രാസജൈവമാലിന്യം മൂലമാണെന്ന് കണ്ടെത്തിയത്. സാന്പിൾ ശേഖരിച്ച മണലാൽ പ്രദേശത്തിനു മുകളിൽ മുകൾ ഭാഗത്ത് പുഴയിലേക്ക് വ്യവസായ സെപ്റ്റിക് മാലിന്യങ്ങൾ അമിതമായ തോതിൽ ദിവസങ്ങൾക്കു മുന്‍പ് കലർത്തപ്പെട്ടതായാണ് സൂചന.
കരിന്പുകയത്തിനു താഴെ മണലാൽ, തായിക്കയം, ചെറുവള്ളി, പള്ളിപ്പടി എന്നിവിടങ്ങളിൽ നിന്നാണ് ജലസാന്പിളുകൾ ശേഖരിച്ചത്. എല്ലാ സാന്പിളുകളിലും കോളിഫോം ബാക്ടീരിയായുടെ സാന്നിധ്യം ഗുരുതരമായ തോതിൽ കണ്ടു. കാർബണ്‍, ഓയിൽ എന്നിവ ഉയർന്ന സാന്ദ്രതയുള്ളതിനാൽ ഒഴുക്കിന്റെ ദിശയിൽ താഴേക്കു പോകും തോറും കൂടുന്നതായും ബാക്കിയുള്ളവ കുറയുന്നതായും കാണപ്പെട്ടു.
എന്നാൽ ബാക്ടീരിയായുടെ അളവ് എല്ലായിടത്തും തുല്യമായി നിൽക്കുന്നു. ഡോ. പുന്നൻ കുര്യൻ, റോഷ്നി സൂസൻ ഏലിയാസ്, ടിന അന്ന തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് പഠനം നടത്തിയത്.