കേണിച്ചിറ: അതിരാറ്റുപാടി പണിയ കോളനിയിലെ മഞ്ചിയുടെ മകൻ മണിയുടെ(45)മരണവുമായി ബന്ധപ്പെട്ട കേസിൽ പിതാവും മകനും അറസ്റ്റിൽ. കേണിച്ചിറ വേങ്ങനിൽക്കുംതൊടിയിൽ വി.ഇ. തങ്കപ്പൻ(62), മകൻ സുരേഷ്(40)എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
മണിയുടെ മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. തോട്ടം ഉടമകളുമായ പ്രതികളുടെ ജോലിക്കാരനായിരുന്നസ മണിയെ 2016 ഏപ്രിൽ നാലിനാണ് കോളനിക്കു സമീപം തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു സമീപം വിഷക്കുപ്പി ഉണ്ടായിരുന്നു.
അസ്വാഭാവിക മരണത്തിനാണ് കേണിച്ചിറ പോലീസ് ആദ്യം കേസെടുത്തത്. പോസ്റ്റുമോർട്ടത്തിലാണ് കഴുത്തിൽ ബലം പ്രയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു വ്യക്തമായത്.
ഇതിന്റെ അടിസ്ഥാനത്തിൽ മേയ് 27ന് കൊലപാതകത്തിനുള്ള വകുപ്പും കേസിൽ ഉൾപ്പെടുത്തി. ലോക്കൽ പോലീസിനു പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ 2018 മാർച്ച് 20നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. കൂലി സംബന്ധിച്ച തർക്കമാണ് കൊലയിൽ കലാശിച്ചത്.
മണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം തോട്ടത്തിൽ തള്ളുകയായിരുന്നു. ആത്മഹത്യയാണെന്നു വരുത്തിത്തീർക്കുന്നതിനാണ് പ്രതികൾ മൃതദേഹത്തിനു സമീപം വിഷക്കുപ്പി വച്ചതെന്നു ക്രൈംബ്രാഞ്ച് എസ്പി ഡോ.എ. ശ്രീനിവാസൻ പറഞ്ഞു. റിമാൻഡിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയിൽ വാങ്ങും.
ഭാര്യ തങ്കയും ദിവ്യ, ദിപിൻ, ദീപ, ദിപി എന്നീ മക്കളും അടങ്ങുന്നതാണ് മണിയുടെ കുടുംബം. വീട്ടിൽ സൂക്ഷിച്ചിരുന്ന മണിയുടെ ഫോട്ടോയും മറ്റു രേഖകളും 2018ലെ വെള്ളപ്പൊക്കത്തിൽ നശിച്ചിരുന്നു.