മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 21 വരെ നീട്ടി. വർഗീയ കലാപം തുടരുന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് നിരോധനം തുടരുന്നത്.
ഒക്ടോബർ 21 ന് രാത്രി 7:45 വരെയാണ് നിയന്ത്രണം.വടക്കുകിഴക്കൻ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾക്ക് തട ഇടുന്നതിനുമാണ് ഇന്റർനെറ്റ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വസതികളിലേക്കുള്ള ആൾക്കൂട്ട ആക്രമണം, സുരക്ഷാ സേനയും പൊതുജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ, പൊലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവ ചൂണ്ടി കാണിച്ച് ഡിജിപി ഉത്കണ്ഠ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
നിലവിലുള്ള അക്രമങ്ങൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ആക്കം കൂട്ടാൻ സാധിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കി. അതുകൊണ്ടാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം നീട്ടുന്നത്.