യുഎൻ/ജനീവ: മണിപ്പുർ പ്രശ്നത്തിൽ യുഎൻ പരാമർശങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ് ഇന്ത്യ.മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള യുഎൻ പരാമർശം അനാവശ്യവും തെറ്റിദ്ധാരണാ ജനകവുമാണെന്നു പറഞ്ഞ ഇന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ സമാധാനപരമാണെന്നും വ്യക്തമാക്കി.
ലൈംഗികാതിക്രമം, പീഡനം, കൊലപാതകങ്ങൾ, വീടു നശിപ്പിക്കൽ, നിർബന്ധിത നാടുകടത്തൽ തുടങ്ങി മണിപ്പുരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകളെക്കുറിച്ച് യുഎന്നിന്റെ വിദഗ്ധസംഘം മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണിത്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ സമാധാനപരമാണ്. മണിപ്പുരിലേതുൾപ്പെടെ രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചും പ്രശ്നപരിഹാരത്തിനു സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് യുഎന്നിനുള്ള മറുപടിയിൽ ഇന്ത്യ പറഞ്ഞു.