ഇംഫാൽ: തൗബൽ ജില്ലയിലെ മണിപ്പുർ റൈഫിൾസിന്റെ ഔട്ട്പോസ്റ്റിൽനിന്നു തീവ്രസംഘടനയായ കാംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി)യിലെ സായുധരായ അംഗങ്ങൾ കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി, അത്യാധുനിക ആയുധങ്ങളുമായി എത്തിയ കെസിപിയുടെ മുപ്പതോളം സായുധ കേഡർമാർ കക്മായയിലെ പോലീസ് ഔട്ട്പോസ്റ്റിൽ ആക്രമണം നടത്തുകയായിരുന്നു. മൂന്നു വാഹനങ്ങളിലായാണ് അക്രമികൾ എത്തിയത്.
ആറ് എസ്എൽആറുകൾ, മൂന്ന് എകെ റൈഫിളുകൾ ഉൾപ്പെടെയാണു കൊള്ളയടിച്ചത്.വിവിധ സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് എൻഗാമുഖോംഗ് താഴ്വരയിൽ കെസിപിയുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഒളിത്താവളം തകർക്കുകയും ചെയ്തു.