ചിങ്ങവനം: തിരക്കേറിയ റോഡിൽ മധ്യ ഭാഗത്ത് വഴിമുടക്കിയായി നിന്ന ടോൾ ബൂത്തിന് ശാപമോഷം.നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അടച്ചു പൂട്ടിയ മണിപ്പുഴയിലെ വിവാദമായ ടോൾ ബൂത്ത് അധികൃതർ പൊളിച്ചുമാറ്റി.
മണിപ്പുഴ- മൂലേടം റോഡിലെ റെയിൽവേ മേൽപാലത്തിന്റെ പേരിൽ ടോൾ പിരിവിനായി സ്ഥാപിച്ച ബൂത്താണ് ശനിയാഴ്ച വൈകുന്നേരം പൊളിച്ചു മാറ്റിയത്.
വർഷങ്ങളായി പരസ്യക്കാരുടെ ബാനറുകളും പോസ്റ്ററുകളും പേറി നിന്ന ബൂത്ത് റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് പൊളിച്ചു മാറ്റിയത്.
2014-15 കാലഘട്ടത്തിൽ മേൽപാലം നിർമാണം പൂർത്തിയാക്കി തുറന്നു കൊടുത്തതോടെയാണ് ടോൾ ബൂത്തും പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നാട്ടുകാർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി.
സിപിഎം, ബിജെപി പാർട്ടികൾ കൂടി രംഗത്തെത്തിയതോടെ പോലീസ് സന്നാഹത്തോടെ ടോൾ പിരിവിനായി തുടക്കം കുറിച്ചെങ്കിലും സമരക്കാർ എതിർക്കുകയായിരുന്നു.
തുടർന്ന് സമീപത്ത് ഇരു പാർട്ടികളും സത്യഗ്രഹ പന്തൽ കെട്ടി സമരം ശക്തമാക്കി. ഒരുമാസം നീണ്ടു നിന്ന സമരത്തിൽ സിപിഎം നേതാവും വാർഡ് കൗണ്‍സിലറുമായ ഷീജാ അനിൽ ഉൾപ്പെടെ 15 ആളുകളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു.
പ്രതിഷേധം സംഘർഷത്തിന്റെ വക്കിലെത്തിയതോടെ പിരിവിനായി എത്തിയ കരാറുകാർ പിന്മാറുകയായിരുന്നു. തുടർന്ന് ജനലുകളും വാതിലുകളും തകർന്നു അനാഥമായ ബൂത്ത് തിരക്കേറിയ റോഡിൽ മധ്യ ഭാഗത്ത് വഴിമുടക്കിയായി നിൽക്കുകയായിരുന്നു.