തിരുവനന്തപുരം: അനഭിമതരായവരെ അപരരായി ചിത്രീകരിച്ചും എതിർവാദങ്ങളുയർത്തുന്നവരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയും തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന ഭരണകൂടത്തിന്റെ പിൻബലമാണ് മണിപ്പുരിലെ സംഭവ വികാസങ്ങൾക്ക് പിന്നിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് പ്രശ്നപരിഹാരത്തിനു തടസമാകുന്നത്.
ജനിച്ചു വളർന്ന നാട്ടിൽ ജീവിക്കാൻ അവകാശമുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജീവനു വേണ്ടി കേഴുന്ന വേദനാജനകമായ കാഴ്ചകൾ പുറത്തു വരുന്നു.
രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ അതിക്രൂരമായ നടപടികളുടെ വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നത് ആശ്ചര്യജനകമാണെന്നും എന്തൊരു ഗതികെട്ട സംസ്കാരമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അണികളുടെ വികാരത്തിനനുസരിച്ചല്ല നേതൃതം നിൽക്കേണ്ടത്. അണികൾക്ക് വിവേകം പറഞ്ഞു കൊടുക്കലാണ് നേതൃത്വം ചെയ്യേണ്ടത്.
മണിപ്പുർ വിഷയത്തിൽ നമ്മുടെ ഭരണകൂടത്തിനു ഇല്ലാതെ പോയതും ഇതാണ്. അശാന്തിയുടെ നാളുകൾക്ക് അവസാനം കുറിക്കാൻ രാജ്യം ഉണരേണ്ട സമയമാണിത്.
മനുഷ്യ ജീവനെക്കാൾ വലുത് ഇടുങ്ങിയ ആശയങ്ങൾക്ക് ഇടം നൽകലാണെന്ന സങ്കുചിത ചിന്താഗതിക്കെതിരേ നാം കൈകോർത്തുപിടിക്കണം.
രാജ്യത്തെ രാഷ്ട്രീയ കക്ഷികൾക്കൊപ്പം ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മകൾ ഈ മനുഷ്യത്വ വിരുദ്ധവും ഹീനവുമായ കൊടുംക്രൂരതക്കെതിരേ ഒരുമിച്ചു പോരാടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.