ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് എൻ. ബിരേൻ സിംഗിനെ നീക്കണമെന്ന് ബിജെപി ഗോത്രവർഗ എംഎൽഎ. അക്രമികളുമായി മുഖ്യമന്ത്രി ഒത്തുകളി നടത്തിയെന്ന് ബിജെപി എംഎൽഎ പവോലിയൻ ലാൽ ഹയോക്കിപ്പ് ആരോപിച്ചു.
കടുത്ത ആരോപണങ്ങളാണ് ബിരേൻ സിംഗിനെതിരേ ഉയരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പല മേഖലകളിലും അക്രമം നടന്നതും ഗോത്രവർഗ എംഎൽഎ കുറപ്പെടുത്തി.
മണിപ്പുർ കലാപത്തിൽ ഇന്നും പാർലമെന്റിൽ പ്രതിപക്ഷപാർട്ടികളുടെ വൻ പ്രതിഷേധമുയർന്നു. വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോക്സഭയിലും രാജ്യസഭയിലും ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.ഇന്നലെ നടന്ന അക്രമങ്ങളില്‍ ഒരു സ്ത്രീക്കു വെടിയേറ്റു.
ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്തയില്‍ ആണ് സംഭവം.പരിക്കേറ്റ ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ ചുരാചന്ദ്പുരില്‍ ഒരു സ്കൂളിന് അക്രമികൾ തീയിട്ടു.
പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ 1.5 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റസിഡന്‍ഷ്യല്‍ സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.ഇതിനിടെ സംഘർഷഭീതിയിൽ മിസോറാമിൽ നിന്നുള്ള മെയ്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്.
ഇന്നലെ എഴുപതിലേറെ പേർ മിസോറാമിൽനിന്ന് ഇംഫാലിലെത്തിയതാണ് കണക്ക്. അന്‍പതോളം പേർ ആസമിലും എത്തിയിട്ടുണ്ട്. അതേസമയം നൂറുകണക്കിന് ആളുകൾ മിസോറാം വിടുന്നതയാണ് റിപ്പോർട്ട്.