കുകി വിഭാഗത്തില്‍ പെടുന്ന രണ്ടു സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ആദ്യം അറസ്റ്റിലായ പ്രതി ഹുയ്റം ഹെറോദാസിനെ ന്യായീകരിച്ച് മാതാവ്.
ദി. പ്രിന്റിന്റേതാണ് വെളിപ്പെടുത്തല്‍. ഹെറോദാസിനെ ന്യായീകരിച്ചുകൊണ്ട് തൗബല്‍ ജില്ലയിലെ പെച്ചി ഗ്രാമത്തിലെ ചില അയല്‍ക്കാരും രംഗത്ത് വന്നു.
അവന് ആ സ്ത്രീകളെ ജനക്കൂട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ നോക്കുകയായിരുന്നു എന്നാണ് അയല്‍ക്കാരില്‍ ചിലര്‍ ന്യായീകരിക്കുന്നത്.
സഹോദരാ എന്നെ രക്ഷിക്കൂ എന്ന യുവതികളുടെ കരച്ചില് കേട്ടപ്പോഴാണ് അയാള്‍ അവരെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു.
ഹെറോദാസ് അറസ്റ്റിലായതിന് പിന്നാലെ മുളയും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച അയാളുടെ വീട് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുപിതരായ ജനക്കൂട്ടം അഗ്നിക്കിരയാക്കിയത്.
ജൂലൈ 20 ന് വൈകിട്ട് 7.30നാണ് യെയ്രിപോപോക്ക് മാര്‍ക്കറ്റിലെ ഹെറോദാസിന്റെ പഞ്ചര്‍ റിപ്പയര്‍ ഷോപ്പില്‍ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
വൈകിട്ട് 2 മണിയോടെ അയാളുടെ അറസ്റ്റിന്റെ വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ മാതാപിതാക്കളും ഭാര്യയും 11, ഏഴ്, മൂന്ന് വയസ്സുകള്‍ പ്രായമുള്ള മൂന്ന് കുട്ടികളും അഭയം തേടി ബന്ധുക്കളുടെ വീട്ടിലേക്കും പോയി. അവിടെയിരുന്നുകൊണ്ട് തങ്ങളുടെ വീട് കത്തിയമരുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു.
തലേദിവസമാണ് രണ്ടു കൂകി സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി നടത്തുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ വൈറലായത്. അതില്‍ ഹെറോദാസിന്റെ മുഖം സൂം ചെയ്യപ്പെടുകയും ക്രോപ്പ് ചെയ്യപ്പെടുകയും ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും പ്രധാനപ്രതിയാക്കി കാണിച്ചുകൊണ്ടുമിരുന്നു.
ഹെറോദാസ് നഗ്നയായ ഒരു സ്ത്രീയെ വട്ടം പിടിച്ചുകൊണ്ടും അവരുടെ മാറിടത്തില്‍ കൈകള്‍ വെച്ചുകൊണ്ടും വലിച്ചിഴച്ച് അടുത്ത പാടത്തേക്ക് കൊണ്ടുപോകുന്നത് 26 മിനിറ്റ് നീണ്ട വീഡിയോയില്‍ വ്യക്തമായിരുന്നു.
ഇവര്‍ക്കും ചുറ്റും അനേകം പുരുഷന്മാര് നിന്ന് അടിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിനെതിരേ വലിയ ശബ്ദമുയര്ന്നതോടെയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.
മകനെ അറസ്റ്റ് ചെയ്ത ശേഷം വീഡിയോ ടെലിവിഷനിലൂടെ കണ്ട ഹെറോദാസിന്റെ മാതാവ് ലതാദേവി പോലും വിതുമ്പിപ്പോയി.
ഇക്കാര്യത്തെക്കുറിച്ച് കേട്ടപ്പോള്‍ ഒരാഴ്ച മുമ്പ് തന്നെ മകനെ മുന്നില്‍ നിര്‍ത്തി ചോദ്യം ചെയ്തെന്നും താന്‍ അത് ചെയ്തുവെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നതായി ഇവര്‍ പറഞ്ഞു.
എന്നാല്‍ വ്യക്തിപരമായ ഉദ്ദേശ്യത്തോടെയല്ല ചെയ്തതെന്നും ഒരു ജനക്കൂട്ടത്തിന്റെ ഭാഗമായി ഞങ്ങളുടെ (മെയ്തേയ്) സമൂഹത്തിന്റെ താല്പ്പര്യത്തിനായിട്ട് ചെയ്തതാണെന്നുമായിരുന്നു മകന്റെ മറുപടിയെന്നും ഇവര്‍ പറഞ്ഞു.
10-ാം ക്ലാസ് തോറ്റ ശേഷം പണിക്കിറിങ്ങിയ ഹെറോദാസ് വീടിന്റെ ആശ്രയമായിരുന്നു. ഒരു ജനക്കൂട്ടം ചെയ്തതിന് മകനെ അറസ്റ്റ് ചെയ്തപ്പോള്‍ കുടുംബവും ഷോക്കിലാണ്.
അവന് ഇതുവരെ ഇത് തെറ്റായി തോന്നിയില്ലെന്നും ഒരു സാധാരണ കാര്യം പോലെയാണ് അയാള്‍ക്ക് ഇപ്പോഴും തോന്നുന്നതെന്നും ദേവി പറയുന്നു.
അതേസമയം ഹെറോദാസ് പോലീസിനോട് മറ്റുള്ളവരുടെ പേര് കൂടി പറയുമോ എന്ന് നാട്ടുകാരില്‍ പലരും ഭയക്കുന്നുണ്ട്.
തുറന്നു പറച്ചിലില്‍ പെച്ചി ഗ്രാമത്തില്‍ ആരോപിതരായ കൂടുതല്‍ ആളുകള്‍ക്ക് കുഴപ്പമാകുമോ എന്നാണ് മറ്റുള്ളവര്‍ പേടിക്കുന്നത്.
കേസില്‍ ഇതുവരെ ആറു പേരാണ് പിടിയിലായിരിക്കുന്നത്. അതേസമയം ഇന്റര്‍നെറ്റ് നിരോധനം നില നില്‍ക്കുമ്പോഴും വെടിവയ്പ്പ്, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എന്നിവയുടെ വീഡിയോകളും ഫോട്ടോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഷെയര്‍മീ പോലുള്ള ആപ്പുകള്‍ വഴി പങ്കിടുന്ന വീഡിയോകള്‍ യുവാക്കളെ പ്രകോപിതരാക്കുന്നതായും അതിന്റെ പ്രതികാര നടപടിയാണ് മെയ് നാലിന് കണ്ടതെന്നും ഗ്രാമീണര്‍ പറയുന്നുണ്ട്.