മണിപ്പൂരിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇംഫാലിൽ പോലീസ് ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു.
ജൂലൈയിൽ കാണാതായ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും രണ്ട് ഫോട്ടോകൾ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ആദ്യത്തെ ഫോട്ടോ രണ്ട് പേരെയും കാണിക്കുന്നു.തോക്കുകളുമായി രണ്ടുപേർ അവരുടെ പിന്നിൽ നിൽക്കുന്നത് കാണാം. അടുത്ത ഫോട്ടോയിൽ രണ്ടുപേരും മരിച്ചതായാണ് കാണിക്കുന്നത്. അവരുടെ ശരീരം നിലത്ത് കിടക്കുന്നു.
കൊലപാതകങ്ങൾക്കെതിരെ പ്രധാനമായും വിദ്യാർഥികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ചൊവ്വാഴ്ച രാത്രി പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വസതിയിലേക്ക് പ്രതിഷേധക്കാർ മാർച്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും തടഞ്ഞു.
ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള കംഗ്ല കോട്ടയ്ക്ക് സമീപം പ്രതിഷേധം തുടർന്നു. സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, പോലീസ് ഉദ്യോഗസ്ഥർ സമരക്കാർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിക്കുകയായിരുന്നു.
നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു, അവരിൽ ചിലർക്ക് ഗുരുതരമാണ്.