സിനിമാപ്രേമികളായിട്ടുള്ള ആളുകളില്‍ നല്ലൊരു ശതമാനവും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവും, തമിഴകത്തിന്റെ ഉലകനായകന് കമലഹാസനാണോ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണോ മികച്ച അഭിനേതാവെന്ന്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയെന്നത് ഏതൊരാള്‍ക്കും ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ജീവിച്ചിരിക്കുന്ന സംവിധായകരില്‍ ഒന്നാം നിരയില്‍ നില്ക്കുന്ന സംവിധായകന് മണിരത്നത്തോട് ഇതേ ചോദ്യം ചോദിച്ചാല്‍ എന്താവും ഉത്തരം.
സംവിധായകന് ഗൗതം മേനോന് നടത്തിയ ‘ഉരൈയാടല്‍ ആന്റ് സ്റ്റഫ്’ എന്ന അഭിമുഖപരിപാടിയില്‍ പങ്കെടുക്കവേ മണിരത്നം അതിനുള്ള ഉത്തരം നല്‍കുക തന്നെ ചെയ്തു. കരിയറിലെ സ്വപ്നങ്ങളിലൊന്നായ ‘പൊന്നിയിന്‍ സെല്‍വനി’ലേക്ക് ഇതില്‍ ആരെയാവും പരിഗണിക്കുകയെന്ന ചോദ്യത്തിനുത്തരമായാണ് മണിരത്നം ഇത് പറഞ്ഞത്. മണി രത്നത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാലും മറ്റൊന്നില്‍ കമല്‍ഹാസനുമായിരുന്നു നായകന്മാര്. 1987ല്‍ പുറത്തിറങ്ങിയ ‘നായകനി’ല്‍ കമല്‍ഹാസനും 1997ല്‍ പുറത്തിറങ്ങിയ ‘ഇരുവറി’ല്‍ മോഹന്‍ലാലും. ‘പൊന്നിയില്‍ സെല്വന്’ സിനിമയാവുന്നപക്ഷം കമല്ഹാസന്, മോഹന്‍ലാല്‍ ഇവരിലൊരാളെ സ്വീകരിക്കുമെങ്കില്‍ അതാരാവുമെന്ന ഗൗതം മേനോന്റെ ചോദ്യത്തിന് ‘ഞാന്‍ രണ്ട് പേരെയും സ്വീകരിക്കു’മെന്നായിരുന്നു മണി രത്നത്തിന്റെ മറുപടി. ‘കാരണം രണ്ടുപേരും എന്നെ അമ്പരപ്പിച്ച നടന്മാരാണ്’.
തുടര്‍ന്ന് ഇരുവറിനെ മുന്‍നിര്‍ത്തി മോഹന്‍ലാലിനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് മണിരത്നം വാചാലനായി. ”മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഗംഭീരമായ അനുഭവമാണ്. ലാലിനെപ്പോലൊരു നടനെ ക്യാമറയ്ക്ക് മുന്നില്‍ ലഭിക്കുന്നത് ഒരു സംവിധായകന്റെ ഭാഗ്യമാണ്. സാങ്കേതികതയെക്കുറിച്ചൊന്നും കൂടുതല്‍ ആലോചിച്ച് നിങ്ങള്‍ക്ക് തല പുണ്ണാക്കേണ്ടിവരില്ല. മറിച്ച് അവരുടെ പ്രകടനത്തെ സ്വസ്ഥമായി പകര്ത്തിയാല്മാത്രം മതിയാവും. അതായത് നിങ്ങളുടെ ജോലി വളരെ ലളിതമായിത്തീരുന്നു. ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കൂട്ടിച്ചേര്‍ക്കുന്ന ചില സൂക്ഷ്മാംശങ്ങളുണ്ട്. ഇരുവറില്‍ വളരെ സങ്കീര്‍ണമായി ചിത്രീകരിക്കേണ്ട കുറേ ഷോട്ടുകളുണ്ടായിരുന്നു. ആള്‍ക്കൂട്ടമൊക്കെ ഭാഗഭാക്കാവുന്ന ചില രംഗങ്ങള്‍.
ആക്ഷന്‍ പറയുന്നതിന് മുന്‍പ് ക്യാമറയുടെ മൂവ്മെന്റിനായി ചില അടയാളങ്ങള്‍ ഇട്ടുവെക്കുമായിരുന്നു ഞങ്ങള്‍. പക്ഷേ കാര്യങ്ങള്‍ 100 ശതമാനവും അങ്ങനെ മുന്‍കൂട്ടി തീരുമാനിക്കരുതെന്ന് ലാല്‍ പറയുമായിരുന്നു. വന്നുവീഴുന്ന അപ്രതീക്ഷിതത്വങ്ങളെ പ്രകടനത്തിലെ തിളക്കങ്ങളാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ രീതി. ഉദാഹരണത്തിന് പ്ലാന്‍ ചെയ്തിരുന്ന രീതിയിലല്ലാതെ മറ്റൊരു നടനോ നടിയോ വഴി മുടക്കി മുന്നില്‍വന്നു നില്‍ക്കുന്നുവെന്ന് കരുതുക, മുന്‍കൂട്ടി പ്രതീക്ഷിക്കാതെയുള്ള ഇത്തരം സന്ദര്‍ഭങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംഭാഷണത്തിന്റെ ഒഴുക്കിനെ മുറിച്ചേക്കാമെങ്കിലും രംഗങ്ങളുടെ സ്വാഭാവികതയ്ക്ക് അത് ഗുണം ചെയ്യുമെന്നായിരുന്നു ലാലിന്റെ അഭിപ്രായം. അത് പലപ്പോഴുമദ്ദേഹം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തിട്ടുണ്ട്’. മണിരത്നം പറയുന്നു.